ദിലീപ് സാങ്കേതികമായി കോടതിയില്‍: സ്‌കൈപ്പ് വഴി ഹാജരാക്കും, സുരക്ഷാ പ്രശ്‌നം മുന്‍കൂട്ടി കണ്ടാണ് നടപടി
കൊച്ചിയില്‍ നടിയെ തട്ടി കൊണ്ടു പോയി ആക്രമിച്ച സംഭവത്തില്‍ ഗൂഢാലോചനക്കേസില്‍ ആലുവ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെ ഇന്ന് കോടതിയില്‍ ഹാജരാക്കുക വിഡിയോ കോണ്‍ഫറന്‍സിങ് വഴി. ഇതിനു അങ്കമാലി കോടതി അനുമതി നല്‍കിയിരുന്നു.
നടന്റെ റിമാന്‍ഡ് കാലാവധി ഇന്നു തീരുകയാണ്. കോടതിയിലേക്കു കൊണ്ടുപോകുന്നതിലെ സുരക്ഷാപ്രശ്‌നം ചൂണ്ടിക്കാട്ടി പോലീസ് നല്‍കിയ അപേക്ഷ പരിഗണിച്ചാണ് നടപടി.
ആലുവ സബ്ജയിലിലെ വിഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം തകരാറായതിനാല്‍, പോലീസ് ഇതിനുള്ള സംവിധാനമൊരുക്കി. ലാപ്‌ടോപ്പില്‍ സ്‌കൈപ് ആപ്ലിക്കേഷന്‍ ഉപയോഗിച്ചാവും ദിലീപിനെ സങ്കേതികമായി കോടതിയില്‍ ‘ഹാജരാക്കുക’.
കസ്റ്റഡിയില്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ആലുവ സബ് ജയിലില്‍ നിന്നു പലതവണ ദിലീപിനെ മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. ദിലീപിനെ ഹാജരാക്കുന്നതറിഞ്ഞു ജനങ്ങള്‍ കോടതിയിലും വഴിയിലും തടിച്ചുകൂടിയിരുന്നു. കൂവലും മുദ്രാവാക്യം വിളികളുമുണ്ടായി.
ഹൈക്കോടതി ജാമ്യം നിഷേധിച്ച സാഹചര്യത്തില്‍ സുരക്ഷാപ്രശ്‌നം നിലനില്‍ക്കുന്നു എന്നാണ് പോലീസിന്റെ വാദം. ഇതേത്തുടര്‍ന്നാണു കോടതി വിഡിയോ കോ!ണ്‍ഫറന്‍സിങ്ങിന് അനുമതി നല്‍കിയത്. ഇതിനിടെ, മുഖ്യ പ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷയിലുള്ള വാദം ഇന്നത്തേക്കു മാറ്റി.