നടിയെ ആക്രമിച്ച കേസ് ; കാവ്യാ മാധവനെ പോലീസ് ചോദ്യംചെയ്തു
കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നടി കാവ്യാ മാധവനെ അന്വേഷണ സംഘം ചോദ്യം ചെയ്തു. ദിലീപിന്റെ ആലുവയിലെ തറവാട്ട് വീട്ടില്‍വച്ചായിരുന്നു ചോദ്യംചെയ്യല്‍. അന്വേഷണ സംഘത്തിന്റെ ചോദ്യംചെയ്യല്‍ മണിക്കൂറുകള്‍ നീണ്ടു. രാവിലെ 11 ന് തുടങ്ങിയ ചോദ്യംചെയ്യല്‍ വൈകീട്ട് അഞ്ചിനാണ് അവസാനിച്ചത്. കാവ്യയെ ദിലീപിന്റെ ആലുവയിലുള്ള തറവാട് വീട്ടിലെത്തിയാണ് ചോദ്യം ചെയ്തത്. ദിലീപിന്‍റെ സഹോദരന്‍ അനൂപാണ് അവിടെ താമസിക്കുന്നത്. എഡിജിപി സന്ധ്യയുടെ നേകതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍.
നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ കാവ്യയുടെ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയിലെത്തിച്ചെന്ന് സുനില്‍കുമാര്‍ മൊഴി നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്തത്. നടി ആക്രമിക്കപ്പെടാന്‍ ഇടയാക്കിയ സാഹചര്യങ്ങളെപ്പറ്റി അന്വേഷണസംഘം വിവരങ്ങള്‍ ശേഖരിച്ചുവെന്നാണ് സൂചന. ആദ്യ വിവാഹബന്ധം തകര്‍ന്നതിന് പിന്നില്‍ യുവ നടിയാണെന്ന് കരുതിയാണ് ആക്രമണത്തിന് ദിലീപ് ക്വട്ടേഷന്‍ നല്‍കിയതെന്നാണ് പോലീസിന് ലഭിച്ച വിവരം. പ്രമുഖ നടനും നിര്‍മ്മാതാവും വിതരണക്കാരനുമായ ദിലീപിന് ജാമ്യം നല്‍കുന്നത് ജാഗ്രതയോടെ വേണമെന്ന് വിലയിരുത്തിയാണ് അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്. ആലുവ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ് ദിലീപ്.