ഡ്രൈവറില്ലാ കാറുകള്‍ അനുവദിക്കില്ല നിതിന്‍ ഗഡ്ക്കരി; അതും മെയ്ക്ക് ഇന്‍ ഇന്ത്യ കാലഘട്ടത്തില്‍
‘ പണിയെത്തിക്കൂ കൈകളിലാദ്യം എന്നിട്ടാകാം കംപ്യൂട്ടര്‍’ എന്നു പറഞ്ഞതിനെ പുച്ഛിച്ചവര്‍ ഇപ്പോള്‍ പറയുന്നത് കേട്ടോ അതും മെയ്ക്ക് ഇന്‍ ഇന്ത്യ കാലഘട്ടത്തില്‍. ഡ്രൈവവര്‍ ആവശ്യമില്ലാത്ത കാറുകള്‍ ഇന്ത്യന്‍ നിരത്തിലിറക്കാന്‍ അനുവദിക്കില്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്ക്കരി.
തൊഴിലില്ലാതാക്കുന്ന സാങ്കേതിക വിദ്യകള്‍ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കില്ലെന്നും ഡ്രൈവറില്ലാത്ത ഓട്ടോമാറ്റിക്ക് കാറുകള്‍ ഇന്ത്യയില്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഗൂഗിള്‍, മെര്‍സിഡസ് പോലെയുള്ള കമ്പനികള്‍ ആഗോള വിപണയില്‍ ഡ്രൈവര്‍ലെസ് കാറുകള്‍ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലിരിക്കവെയാണ് ഇന്ത്യയില്‍ ഓട്ടോമാറ്റിക്ക് കാറുകള്‍ അനുവദിക്കില്ലെന്ന് നിതിന്‍ ഗഡ്കരി വ്യക്തമാക്കിയത്.
സര്‍ക്കാരിന് 100 ഡ്രൈവിങ്ങ് പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ രാജ്യത്തിന്റെ വിവിധ ഭാഗത്തായി പുതുതായി ആരംഭിക്കാന്‍ പദ്ധിതിയുണ്ടെന്നും നിതിന്‍ ഗഡ്ക്കരി കൂട്ടിച്ചേര്‍ത്തു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇതിലൂടെ അഞ്ച് ലക്ഷം പേര്‍ക്ക് ജോലി നല്‍കാനാണ് സര്‍ക്കാര്‍ പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ ഔദ്യോഗിക കണക്കു പ്രകാരം ഇന്ത്യയില്‍ 22 ലക്ഷം പേര്‍ ഡ്രൈവര്‍മാരായി ജോലി നോക്കുന്നുണ്ട്.
ഇന്ത്യയില്‍ തൊഴിലില്ലായ്മ രൂക്ഷ പ്രശ്‌നമാണെന്നും എന്നാല്‍ അതിന് പരിഹാരം സാങ്കേതിക വിദ്യയില്‍ നിരോധനം ഏര്‍പ്പെടുത്തുക എന്നതല്ലെന്നും സാങ്കേതിക വിദഗ്ധനായ അബ്ദുള്‍ മജീദ് പ്രതികരിച്ചു. സമാനമായ പ്രശ്‌നങ്ങള്‍ കംപ്യൂട്ടറുകള്‍ വന്നപ്പോഴും ഉണ്ടായിരുന്നു എന്നോര്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.