വീണ്ടും യുവനടിക്ക് സിനിമാ മേഖലയില്‍ നിന്ന് അപമാനം; ജീന്‍ പോള്‍ ലാല്‍, നടന്‍ ശ്രീനാഥ് ഭാസി എന്നിവരടക്കം നാലുപേര്‍ക്കെതിരെ കേസ്
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിനു പിന്നാലെ യുവതിയോടു ലൈംഗികച്ചുവയോടെ സംസാരിച്ചെന്ന പരാതിയില്‍ നടന്‍ ലാലിന്റെ മകനും യുവ സംവിധായകനുമായ ജീന്‍ പോള്‍ ലാല്‍, യുവ നടന്‍ ശ്രീനാഥ് ഭാസി എന്നിവരടക്കം നാലുപേര്‍ക്കെതിരെ കേസ്.
യുവ നടിയയോട് ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും സിനിമയില്‍ അഭിനയിച്ചതിനു പ്രതിഫലം നല്‍കാതെ വഞ്ചിച്ചെന്നുമാണു പരാതിയില്‍ പറയുന്നത്. കൊച്ചി പനങ്ങാട് പോലീസാണ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്.
ന്യൂജനറേഷന്‍ സിനിമകളിലെ ശ്രദ്ധേയ നടനാണ് ശ്രീനാഥ് ഭാസി. സിനിമയിലെ ടെക്‌നീഷ്യന്‍മാരായ അനൂപ്, അനിരുദ്ധ് എന്നിവരാണ് മറ്റ് കുറ്റാരോപിതര്‍. 2016 നവംബര്‍ 16ന് ഹണിബീ ടു എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയാണു സംഭവമെന്നു പരാതിയില്‍ പറയുന്നു.
യുവ നടി കൊച്ചി പനങ്ങാട് ഹോട്ടലില്‍ എത്തി പ്രതിഫലം ചോദിച്ചപ്പോള്‍ ലൈംഗികച്ചുവയോടെ സംസാരിച്ചെന്നാണു പരാതി. പ്രതിഫലം നല്‍കിയില്ലെന്നും യുവതി പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
പോലീസ് പരാതിക്കാരിയുടെ മൊഴിയെടുത്തു. ജീന്‍ പോള്‍ അടക്കമുള്ള കുറ്റാരോപിതരെ ഇന്ന് പോലീസ് ചോദ്യം ചെയ്‌തേക്കും. ഹണിബീ, ഹണിബീടു, ഹായ് ഐ ആം ടോണി തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് ജീന്‍ പോള്‍.
അതേസമയം തന്റെ മകനും സംവിധായകനുമായ ജീന്‍പോള്‍ ലാലിനെതിരെ പരാതി കൊടുത്ത നടിയുടെ പെരുമാറ്റം മോശമായിരുന്നുവെന്ന പരാമര്‍ശവുമായി സംവിധായകന്‍ ലാല്‍. ഷൂട്ടിങ് പൂര്‍ത്തിയാക്കാതെ പോയതിനാലാണ് നടിക്ക് പ്രതിഫലം കൊടുക്കാതിരുന്നത്.
ഹണി ബീ ടുവില്‍ അഭിനയിക്കാനായിട്ടാണ് വന്നത്. ഒരു സീനില്‍ അഭിനയിക്കാനാണ് നടി വന്നത്. അന്‍പതിനായിരം രൂപ പ്രതിഫലം പറഞ്ഞിരുന്നു. ഇപ്പോള്‍ സാഹചര്യം മുതലെടുക്കുകയാണ് നടി. വാഗ്ദാനം ചെയ്ത പണം നല്‍കാന്‍ തയ്യാറാണ്. എന്നാല്‍ നഷ്ടപരിഹാരം നല്‍കില്ലെന്നും ലാല്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.