രാം നാഥ് കോവിന്ദ് ഇന്ത്യയുടെ പതിനാലാം രാഷ്ട്രപതിയായി അധികാരമേറ്റു

ഇന്ത്യയുടെ പതിനാലാം രാഷ്ട്രപതിയായി രാം നാഥ് കോവിന്ദ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പാര്‍ലമെന്റ് ഹൗസിന്റെ സെന്‍ട്രല്‍ ഹാളില്‍ നടന്ന ചടങ്ങില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്റ്റ് ജെ.എസ്. കേഹാറാണ് സത്യവാചകം ചൊല്ലി കൊടുത്തത്.

സ്ഥാനമൊഴിയുന്ന രാഷ്ട്രപതി പ്രണബ് മുഖര്‍ജി, ഉപരാഷ്ടപതി ഡോ.ഹമീദ് അന്‍സാരി, പ്രധാനമന്ത്രി നരേന്ദ്ര മോദി, മുന്‍ പ്രധാന മന്ത്രിമാര്‍, കേന്ദ്രമന്ത്രിസഭാംഗങ്ങള്‍, ഗവര്‍ണര്‍മാര്‍, മുഖ്യമന്ത്രിമാര്‍, നയതന്ത്ര കാര്യാലയങ്ങളുടെ തലവന്‍മാര്‍, പാര്‍ലമെന്റ് അംഗങ്ങള്‍, മുഖ്യ സിവില്‍ സൈനിക ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സ്ഥാനാരോഹണ ചടങ്ങില്‍ സംബന്ധിച്ചു.

രാംനാഥ് കോവിന്ദ് സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം 21 ആചാരവെടി മുഴക്കിയാണ് പുതിയ രാഷ്ട്രപതിയുടെ കസേര കൈമാറ്റം നടന്നത്. സത്യപ്രതിജ്ഞാ ചടങ്ങിന് പുറപ്പെടും മുമ്പ് ഗാന്ധിസമാധിയായ രാജ്ഘട്ടില്‍ രാംനാഥ് കോവിന്ദ് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

സ്ഥാനമൊഴിഞ്ഞ രാഷ്ട്രപതിയും പുതിയ രാഷ്ട്രപതിയും ഒരേ വാഹനത്തിലാണ് അംഗരക്ഷകരുടെ അകമ്പടിയില്‍ സത്യപ്രതിജ്ഞാ ചടങ്ങിനായി പാര്‍ലമെന്റില്‍ എത്തിയത്. ഇരുവരെയും പാര്‍ലമെന്റില്‍ ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍, ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി എന്നിവര്‍ ഇരുവരെയും സ്വീകരിച്ച് സെന്‍ട്രല്‍ ഹാളിലേക്ക് ആനയിച്ചു.

പാര്‍ലമെന്റിലേക്ക് കടന്നപ്പോള്‍ സ്ഥാനമൊഴിയുന്ന രാഷ്ട്രപതിക്ക് അംഗരക്ഷകര്‍ സല്യൂട്ട് നല്‍കി. തിരിച്ച് സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം രാഷ്ട്രപതിഭവനിലേക്ക് പോകുമ്പോള്‍ പുതിയ രാഷ്ട്രപതി അംഗ രക്ഷകര്‍ സല്യൂട്ട് നല്‍കും.

സ്ഥാനമൊഴിഞ്ഞ രാഷ്ട്രപതി പ്രണബ് ഇനി താമസിക്കുന്ന 10, രാജാജി മാര്‍ഗ് വസതിയിലേക്ക് അദ്ദേഹത്തെ കോവിന്ദ് അനുഗമിക്കും. തുടര്‍ന്നു രാഷ്ട്രപതി ഭവനിലേക്കു മടങ്ങും.