കോഴ വിവാദം: കേന്ദ്രഭരണത്തിന്റെ തണലില്‍ വളരാന്‍ ശ്രമിച്ച ചില പാഴ്‌ച്ചെടികളെ വേരോടെ പിഴുതെറിഞ്ഞതായി കുമ്മനം രാജശേഖരന്‍, തുറന്ന കത്ത് വായിക്കാം
കേന്ദ്രഭരണത്തിന്റെ തണലില്‍ വളരാന്‍ ശ്രമിച്ച ചില പാഴ്‌ച്ചെടികളെ വേരോടെ പിഴുതെറിഞ്ഞതായി ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ആശുപത്രിക്കിടക്കയില്‍ നിന്ന് പ്രവര്‍ത്തകര്‍ക്കെഴുതിയ തുറന്ന കത്തിലാണ് അദ്ദേഹം ഇക്കാര്യം രേഖപ്പെടുത്തിയത്.
കഴിഞ്ഞ ഒരാഴ്ചയായി മാധ്യമങ്ങളില്‍ ബി.ജെ.പിയെപ്പറ്റി വരുന്ന വാര്‍ത്തകളെ പാര്‍ട്ടിയെ ജനമധ്യത്തില്‍ താറടിച്ചു കാണിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ്. കേന്ദ്രഭരണത്തിന്റെ തണലില്‍ ചില പാഴ്‌ചെടികള്‍ വളര്‍ന്നു വരാന്‍ ശ്രമിച്ചു.
വയെ വേരോടെ പിഴുതെറിയുകയും ചെയ്തു. ഇനിയും ഇത്തിള്‍ക്കണ്ണികള്‍ ഉണ്ടെങ്കില്‍ പിഴുതെറിയുമെന്നും അദ്ദേഹം കത്തില്‍ പറയുന്നു.ഇപ്പോള്‍ ഉണ്ടായിരിക്കുന്നത് ഒരു അഴിമതിയല്ല. കേന്ദ്ര സര്‍ക്കാരിനോടോ ബിജെപിയോടോ ഇതിന് ബന്ധവുമില്ല.
മറിച്ച് വ്യക്തിയധിഷ്ഠിതമായ ഒരു സാമ്പത്തിക തട്ടിപ്പ് ശ്രമമായിരുന്നു. അതിലെ പ്രധാന പങ്കാളികള്‍ക്ക് ബിജെപിയുമായി ഒരു ബന്ധവുമില്ലെന്ന് ഇതിനകം തന്നെ തെളിഞ്ഞു കഴിഞ്ഞു.
അഴിമതി കാണിച്ച വ്യക്തിയെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതിലൂടെ അഴിമതിയോട് ഒരു തരത്തിലും വിട്ടുവീഴ്ചയില്ലെന്ന അടിസ്ഥാന പ്രമാണം ഉയര്‍ത്തിപ്പിടിക്കാന്‍ കഴിഞ്ഞുവെന്നും അദ്ദേഹം കത്തില്‍ പറയുന്നു.
കത്തിന്റെ പൂര്‍ണ രൂപം
വെല്ലുവിളിയെ ധീരമായി നേരിടുക
പ്രിയ ബന്ധു സാദര നമസ്‌കാരം,
ആശുപത്രിക്കിടക്കയില്‍ നിന്നാണ് ഈ കത്തെഴുതുന്നത്. ഒരാഴ്ചയായി കേരളത്തിലെ മാധ്യമങ്ങളില്‍ ബിജെപിയെപ്പറ്റി വരുന്ന വാര്‍ത്തകള്‍ താങ്കളും ശ്രദ്ധിച്ചിരിക്കുമല്ലോ? ആയിരക്കണക്കിന് പ്രവര്‍ത്തകരുടെ ജീവത്യാഗവും ത്യാഗോജ്ജ്വലമായ പോരാട്ടവും കൊണ്ട് കെട്ടിപ്പടുത്ത ഭാരതീയ ജനതാ പാര്‍ട്ടിയെ ജനമധ്യത്തില്‍ താറടിച്ച് കാണിക്കാനുള്ള ശ്രമങ്ങളാണിതെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ?
കേന്ദ്രഭരണത്തിന്റെയും ബിജെപിയെന്ന വടവൃക്ഷത്തിന്റേയും തണലില്‍ ചില പാഴ്‌ചെടികള്‍ വളര്‍ന്നു വരാന്‍ ശ്രമിച്ചു എന്നത് വസ്തുതയാണ്. അത് ശ്രദ്ധയില്‍ പെട്ടപ്പോള്‍ തന്നെ അവയെ പിഴുതെറിയുകയും ചെയ്തു.
ഇനിയും ചില ഇത്തിള്‍ക്കണ്ണികള്‍ പാര്‍ട്ടിയില്‍ ഉണ്ടെന്ന് ശ്രദ്ധയില്‍ പെട്ടാല്‍ അവയെയും ഇല്ലാതാക്കുമെന്ന് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പു നല്‍കുന്നു. ഒരു ഏകാധിപത്യ പാര്‍ട്ടിയല്ലാത്തതിനാല്‍ അതിന് ജനാധിപത്യപരമായ ചില നടപടി ക്രമങ്ങള്‍ പാലിക്കണമെന്ന് മാത്രം. ആ കാലതാമസമാണ് ഇപ്പോള്‍ ഉണ്ടാകുന്നത്. അതിനാല്‍ ഇത് നിരാശപ്പെടേണ്ട കാലമല്ല.
ഒറ്റപ്പെട്ട ഒരു സംഭവത്തിന്റെ ചുവടുപിടിച്ച് ബിജെപി കേരളാ ഘടകം മുഴുവന്‍ അഴിമതിക്കാരും തട്ടിപ്പുകാരുമാണെന്ന് പ്രചരിപ്പിക്കുന്നവരെ നാം കരുതിയിരിക്കണം. അഴിമതിയിലും നിരാശയിലും ആണ്ടുകിടന്ന ഭാരതത്തെ കൈപിടിച്ചുയര്‍ത്തി ലോക നേതൃസ്ഥാനത്ത് തിരികെയത്തിക്കാനുള്ള ദൗത്യം ഏറ്റെടുത്തവരാണ് നമ്മള്‍.
അതിന്റെ നേതൃസ്ഥാനത്ത് ലോകാരാദ്ധ്യനായ നരേന്ദ്രമോദിയാണ് ഉള്ളത്. അഴിമതിയോട് സന്ധിയില്ലാ സമരം പ്രഖ്യാപിച്ച ശ്രീ അമിത്ഷായാണ് ബിജെപിയെ നയിക്കുന്നത്. ബഹുമാനപ്പെട്ട നരേന്ദ്രമോദി നേതൃത്വം നല്‍കുന്ന ബിജെപി സര്‍ക്കാരില്‍ നാളിതുവരെ അഴിമതിയുടെ ലാഞ്ചന പോലും എതിരാളികള്‍ക്ക് കണ്ടെത്താനായിട്ടില്ല. ആ നിരാശാ ബോധത്തില്‍ നിന്നാണ് ഒരു ഒറ്റപ്പെട്ട സംഭവത്തെ പര്‍വ്വതീകരിക്കാനുള്ള ശ്രമം ഉണ്ടാകുന്നത്.
11 കോടി അംഗങ്ങളുള്ള, ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനമായ ഭാരതീയ ജനതാ പാര്‍ട്ടിയില്‍ ബഹുസ്വരതയും വൈവിധ്യവും ഉള്ള സമൂഹത്തിലെന്ന പോലെ പല സ്വഭാവത്തിലുമുള്ള ആളുകള്‍ കടന്നിട്ടുണ്ടാകാം. എന്നാല്‍ അത്തരക്കാരെയും അത്തരം സംഭവങ്ങളെയും എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിലാണ് നമ്മുടെ പാര്‍ട്ടി മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമാകുന്നത്.
ഇപ്പോള്‍ ഉണ്ടായിരിക്കുന്നത് ഒരു അഴിമതിയല്ല. കേന്ദ്ര സര്‍ക്കാരിനോടോ ബിജെപിയോടോ ഇതിന് ബന്ധവുമില്ല. മറിച്ച് വ്യക്തിയധിഷ്ഠിതമായ ഒരു സാമ്പത്തിക തട്ടിപ്പ് ശ്രമമായിരുന്നു. അതിലെ പ്രധാന പങ്കാളികള്‍ക്ക് ബിജെപിയുമായി ഒരു ബന്ധവുമില്ലെന്ന് ഇതിനകം തന്നെ തെളിഞ്ഞു കഴിഞ്ഞു. എന്നാല്‍ പാര്‍ട്ടിയുടെ പേര് പറഞ്ഞ് തട്ടിപ്പിന് ഒരു പ്രവര്‍ത്തകന്‍ ശ്രമിച്ചു എന്നത് വസ്തുതയാണ്.
ഇത്തരം സന്ദര്‍ഭങ്ങളില്‍ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന് സ്വീകരിക്കാന്‍ കഴിയുന്ന പരമാവധി നടപടി നാം കൈക്കൊണ്ടിട്ടുണ്ട്. അതിലുപരിയായ ഏതെങ്കിലും നടപടി സ്വീകരിക്കേണ്ടത് ഈ നാട്ടിലെ നീതിന്യായ വ്യവസ്ഥിതിയും ഭരണകൂടവുമാണ്.
ആരോപണ വിധേയനായ വ്യക്തിമൂലം കേന്ദ്രസര്‍ക്കാരില്‍ നിന്ന്
ആര്‍ക്കെങ്കിലും അവിഹിതമായ നേട്ടം ഉണ്ടായിട്ടില്ല. പൊതു ഖജനാവിന് നഷ്ടവും സംഭവിച്ചിട്ടില്ല. വ്യക്തിഗത ലാഭത്തിനു വേണ്ടി സംഘടനയുടെ പേര് ദുരുപയോഗം ചെയ്തു എന്നതാണ് സംഭവിച്ചത്. ആ വ്യക്തിയെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതിലൂടെ അഴിമതിയോട് ഒരു തരത്തിലും വിട്ടു വീഴ്ചയില്ലെന്ന നമ്മുടെ അടിസ്ഥാന പ്രമാണം ഉയര്‍ത്തിപ്പിടിക്കാന്‍ നമുക്കായി.
അതേ സമയം ബിജെപിക്കെതിരെ ഇപ്പോള്‍ പുരപ്പുറത്ത് കയറി വിളിച്ചൂകൂവുന്ന സിപിഎം, കോണ്‍ഗ്രസ് കക്ഷികളുടെ അഴിമതിയോടുള്ള മനോഭാവം എന്താണെന്ന് എല്ലാവര്‍ക്കുമറിയാം. ഔദ്യോഗിക അന്വേഷണ ഏജന്‍സികളും കോടതിയും അഴിമതിക്കാരെന്ന് കണ്ടെത്തിയ എത്ര നേതാക്കന്‍മാരാണ് ഇന്നും നമ്മുടെ ഭരണാധികാരികളായി വിലസുന്നത്?.
ഭരണഘടനാ സ്ഥാപനങ്ങളുടേയും പൊതുമേഖലാ സ്ഥാപനങ്ങളുടേയും മേധാവികളായി ഞെളിയുന്ന നേതാക്കന്‍മാരുടെ എത്രയെത്ര അഴിമതി കഥകളാണ് പൊതു സമൂഹത്തിന് പറയാനുള്ളത്?. സ്വന്തം പാര്‍ട്ടി നേതാക്കളുടെ നാറുന്ന അഴിമതി കഥകള്‍ മറച്ചു വെച്ച് നമുക്കെതിരെ അവര്‍ തിരിയുന്നത് ബിജെപി ശക്തി പ്രാപിക്കുന്നതിലുള്ള അസഹിഷ്ണുത മൂലമാണ്.
കേരളം കണ്ട ഏറ്റവും വലിയ അഴിമതിയായ ലാവലിന്‍ കേസില്‍ ഹൈക്കോടതിയുടെ ദയാവായ്പിന് കാത്തു നില്‍ക്കുന്നയാളാണ് കേരളം ഭരിക്കുന്ന പിണറായി വിജയന്‍. ഇ. ബാലാനന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ട് പരിഗണിക്കാന്‍ സിപിഎം തയ്യാറായിരുന്നുവെങ്കില്‍ സംസ്ഥാന ഖജനാവിന് ഉണ്ടാകുമായിരുന്ന ലാഭം നൂറുകണക്കിന് കോടിയുടേതായിരുന്നു.
ലാവലിന്‍ കേസില്‍ പിണറായി വിജയന്‍ അഴിമതി നടത്തിയതിന്റെ തെളിവുകള്‍ സിഎജി പുറത്ത് കൊണ്ടു വന്നെങ്കിലും പാര്‍ടിക്കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയായിരുന്നു. അങ്ങനെയാണ് കോടികളുടെ തട്ടിപ്പു കേസിലെ പ്രതിയായ നേതാവിനാല്‍ ഭരിക്കപ്പെടുന്നവരായി കേരളാ ജനത മാറിയത്.
സ്വന്തം മണ്ഡലമായ ഹരിപ്പാട്ട് തുടങ്ങാന്‍ പോകുന്ന മെഡിക്കല്‍ കോളേജിന് നിര്‍മ്മാണ കരാര്‍ അനുവദിച്ചത് അന്നത്തെ ആഭ്യന്തരമന്ത്രി കൂടിയായ സ്ഥലം എംഎല്‍എ രമേശ് ചെന്നിത്തല പങ്കെടുത്ത യോഗത്തിലായിരുന്നു. കുറഞ്ഞ നിരക്കില്‍ നിര്‍മ്മാണമേറ്റെടുക്കാന്‍ തയ്യാറായ കമ്പനിയെ തഴഞ്ഞിട്ടായിരുന്നു കൊച്ചി ആസ്ഥാനമായ കമ്പനിക്ക് കരാര്‍ നല്‍കിയതെന്ന് വിജിലന്‍സ് പ്രാഥമിക അന്വേഷണത്തില്‍ തന്നെ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ സംസ്ഥാന മന്ത്രിസഭയില്‍ അഴിമതിക്കേസില്‍ പ്രതികളല്ലാത്ത എത്ര മന്ത്രിമാരുണ്ടെന്ന് കൂടി ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് കേരള സമൂഹത്തോട് പറയണം.
അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട കേരളത്തിലെ ഏക നേതാവായ ആര്‍ ബാലകൃഷ്ണപിള്ളയെ ക്യാബിനറ്റ് റാങ്കോടെ മുന്നാക്ക കമ്മീഷന്‍ ചെയര്‍മാനാക്കി വാഴിച്ച ഇടതു മുന്നണി നേതാക്കളാണ് ഇപ്പോള്‍ ബിജെപിക്കെതിരെ ഉറഞ്ഞു തുള്ളുന്നതെന്ന് നാം മനസ്സിലാക്കണം.
വി എസ് അച്യുതാനന്ദന്‍, എളമരം കരീം, ഇ.പി ജയരാജന്‍, ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, അടൂര്‍ പ്രകാശ്, എം കെ മുനീര്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ എം മാണി, അനൂപ് ജേക്കബ്, പി കെ കുഞ്ഞാലിക്കുട്ടി, പി ജെ ജോസഫ്, പി കെ ജയലക്ഷ്മി ഇങ്ങനെ എത്രയെത്ര നേതാക്കളാണ് വിജിലന്‍സ് ഉള്‍പ്പടെയുള്ള അന്വേഷണ ഏജന്‍സികള്‍ക്ക് മുന്നില്‍ പ്രതികളായി തലകുനിച്ച് നില്‍ക്കുന്നത്?. സ്ത്രീ പീഡനം ഉള്‍പ്പെടയുള്ള കേസുകളില്‍ പ്രതികളായ നേതാക്കളുടെ എണ്ണം വേറെ.
ഇങ്ങനെ എണ്ണിപ്പറയാന്‍ ഈ കത്ത് മതിയാകുമെന്ന് തോന്നുന്നില്ല. കോടതികളും അന്വേഷണ ഏജന്‍സികളും കുറ്റക്കാരാണെന്ന് പറഞ്ഞിട്ടും പാര്‍ട്ടി കോടതി കുറ്റ വിമുക്തരാക്കിയെന്നും മനസാക്ഷിക്ക് മുന്നില്‍ കുറ്റക്കാരനല്ലെന്നുമുള്ള അപഹാസ്യ നിലപാടുമായി ജനസേവനത്തിന് ഇറങ്ങിയവരാണ് ഇപ്പോള്‍ ബിജെപിക്ക് നേരെ വാളെടുക്കുന്നതെന്ന് കൂടി മനസ്സിലാക്കണം.
മേല്‍ പറഞ്ഞ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയത്, ഏതെങ്കിലും തരത്തിലുള്ള ന്യായീകരണത്തിനല്ല. അവരേപ്പോലെയെല്ല നാം എന്ന ഉത്തമ ബോധ്യവുമുണ്ട്. നമ്മെ എതിര്‍ക്കുന്നവരുടെ കപട നിലപാടുകള്‍ തുറന്നു കാണിക്കാന്‍ പറഞ്ഞുവെന്ന് മാത്രം. അഴിമതിക്കറ പുരളുന്നത് എത്ര ഉന്നതനിലായാലും അത് ബിജെപി വെച്ചു പൊറുപ്പിക്കില്ല. കാരണം നാം രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നത് രാഷ്ട്ര പുനരുദ്ധാരണത്തിന് വേണ്ടിയാണ്, ഉദരപൂരീകരണത്തിനല്ല.
അതിനാല്‍ തന്നെ സമൂഹത്തെ പ്രതികൂലമായി ബാധിക്കുന്ന ഏതൊരു സംഭവത്തോടും വിട്ടുവീഴ്ചയില്ലാതെ പ്രതികരിക്കുക തന്നെ ചെയ്യും. ആയിരക്കണക്കിന് ധീരബലിദാനികളുടെ ചോര വീണ മണ്ണിലാണ് നില്‍ക്കുന്നതെന്ന ഉത്തമ ബോധ്യത്തോടെയാണ് ഓരോ നിമിഷവും ഞാന്‍ പ്രവര്‍ത്തിക്കുന്നത്. അവര്‍ വീഴ്ത്തിയ ഒരു തുള്ളി ചോരയോ നാം വാര്‍ത്ത ഒരു തുള്ളി കണ്ണീരോ ഒഴുക്കിയ ഒരു തുള്ളി വിയര്‍പ്പോ പാഴാവില്ല. ആ ഉറപ്പ് നല്‍കാന്‍ എനിക്കാകും.
കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയത്തെ ഫണ്ട് വിനിയോഗത്തെപ്പറ്റി പോലും ആരോപണം ഉയര്‍ത്തി വിടുന്നത് ഗൂ!ഢോദ്യേശത്തോടെയാണ്. തെരഞ്ഞെടുപ്പ് ഫണ്ട് കൈകാര്യം ചെയ്തത് സ്ഥാനാര്‍ത്ഥികളല്ലെന്ന് താങ്കള്‍ക്കും അറിവുള്ളതാണല്ലോ?. ഫണ്ട് കൈകാര്യം ചെയ്യാന്‍ പ്രത്യേക കമ്മിറ്റികള്‍ രൂപീകരിച്ചാണ് പ്രവര്‍ത്തിച്ചത്. എന്നിട്ടും സ്ഥാനാര്‍ത്ഥികളായിരുന്ന മുതിര്‍ന്ന നേതാക്കളുടെ പേര് ഇതുമായി ബന്ധപ്പെടുത്തുന്നത് വ്യക്തിഹത്യ ചെയ്യാനാണ്.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കണക്ക് തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ രാജ്യത്തെ ഏക പാര്‍ട്ടി ബിജെപിയാണ്. സംസ്ഥാനത്തെ ഒരു നിയോജക മണ്ഡലത്തിലെ ഫണ്ട് വിനിയോഗം സംബന്ധിച്ചും പാര്‍ട്ടിക്ക് പരാതി കിട്ടിയിട്ടില്ല. എന്നിട്ടും മാധ്യമങ്ങളില്‍ കൂടി ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ആരായാലും അവരെ പാര്‍ട്ടി ശത്രുക്കളായി മാത്രമേ കാണാനാകൂ.
ഞാന്‍ മുമ്പ് സൂചിപ്പിച്ചതു പോലെ ഇത് നിരാശ തോന്നേണ്ട നിമിഷമല്ല. ഇതൊരു അവസരവും അതോടൊപ്പം വെല്ലുവിളിയുമാണ്. എല്ലാ പുഴുക്കുത്തകളേയും അകറ്റി അഗ്‌നിയില്‍ സ്ഫുടം ചെയ്തതുപോലെ വീണ്ടും മുന്നോട്ട് പോകാന്‍ ഈ അവസരം നാം പ്രയോജനപ്പെടുത്തണം. എന്നാല്‍ ഇത് മുതലാക്കി വ്യാജ പ്രചരണം നടത്തി പാര്‍ട്ടിയെ തകര്‍ക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന ശത്രുക്കളെ തിരിച്ചറിയാന്‍ നമുക്കാവുകയും വേണം.
ഇത് മുമ്പെങ്ങുമില്ലാത്ത തരത്തില്‍ ആന്തരിക ഐക്യം ആവശ്യമുള്ള കാലമാണ്. വ്യക്തി താത്പര്യത്തിനും വിരോധത്തിനും വേണ്ടി സംഘടനയെ ഒറ്റുകൊടുക്കില്ലെന്ന് നാം ഓരോരുത്തരും പ്രതിജ്ഞ ചെയ്യണം. വലിയ ഗൂഡാലോചനയുടെ ഫലമായാണ് നമുക്കെതിരെ വ്യാപകമായ പ്രചരണം നടക്കുന്നത്. എങ്ങനെയും ബിജെപിയെ തകര്‍ക്കണമന്ന് ചിന്തിക്കുന്നവരുടെ വലയില്‍ വീഴാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണം. അതോടൊപ്പം വ്യാജ പ്രചരങ്ങളില്‍ പെട്ട് അവിശ്വാസത്തിന്റെ അന്തരീക്ഷം ഉണ്ടാക്കാനും ഇടയാക്കരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു.
വിശ്വസ്തതയോടെ
നിങ്ങളുടെ സ്വന്തം
കുമ്മനം രാജശേഖരന്‍.