പാക്ക് വനിത ടീം തിരിച്ചു വീട്ടിലെത്തിയത് ബൈക്കിലും, ഓട്ടോ റിക്ഷയിലും: ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനവുമായി പാക് ടീം ലോകകപ്പില്‍ തോറ്റുമടങ്ങി

കറാച്ചി: വനിതാ ക്രിക്കറ്റ് ലോകകപ്പ് മത്സരം കഴിഞ്ഞ് മടങ്ങിയെത്തിയ പാക്കിസ്ഥാന്‍ ടീമിന് സ്വന്തം നാട്ടില്‍ തികഞ്ഞ അവഗണന. ടീമിനെ സ്വീകരിക്കാന്‍ പി.സി.ബി അംഗങ്ങള്‍ എത്തിയില്ലെന്നു മാത്രമല്ല ക്യാപറ്റന്‍ സന മിറിയേയും സംഘത്തിനും സഞ്ചരിക്കാനുള്ള വാഹനങ്ങള്‍ പോലും ബോര്‍ഡ് നല്കിയില്ലെന്നാണ് റിപ്പോര്‍ട്ട്.

രാജ്യത്തിന് വേണ്ടി കളിച്ച താരങ്ങള്‍ വീടുകളിലേക്ക് മടങ്ങിയത് ബൈക്കിലും ഓട്ടോ റിക്ഷയിലുമാണ്. പിതാവിനൊപ്പം ട്രിപ്പിള്‍ ഇരുന്ന് ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുന്ന പാക് താരത്തിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ഇതിനകം വൈറലായിരിക്കുകയാണ്. അതേ സമയം പാക്ക് ടീമിന് വീട്ടിലേക്ക് പോവാന്‍ വഹന സൗകര്യം ഒരുക്കിയിരുന്നു എന്നാണ് പിസിബി പറയുന്നത്.

കളിച്ച ഏഴിലും പാക്ക് വനിതകള്‍ തോറ്റു. ടീമിന്റെ മോശം പ്രകടനം ടീമില്‍ വന്‍ അഴിച്ചു പണിയ്ക്കു വഴിവെട്ടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സന മിറിന്റെ ക്യാപ്റ്റന്‍ സ്ഥാനവും സാബിഹ് അസ്ഹറിന്റെ പരിശീലക സ്ഥാനവും തെറിക്കുമെന്നുറപ്പാണ്. ബോര്‍ഡ് ചെയര്‍മാന്‍ ഷെഹരിയാര്‍ ഖാന്‍ ടീമിന്റെ പ്രകടനത്തില്‍ അമര്‍ഷം രേഖപ്പെടുത്തിയതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. കോഴവിവാദങ്ങളും തീവ്രവാദവും ബോര്‍ഡിലെ കെടുകാര്യസ്ഥതയും പാകിസ്ഥാനിലെ ക്രിക്കറ്റിനേയും സാരമായി തന്നെ ബാധിച്ചിട്ടുണ്ട്.