എതിര്‍കാഴ്ച്ചപ്പാടുകളെ ബഹുമാനിക്കാന്‍ നമ്മള്‍ ശ്രദ്ധിച്ചിരുന്നിടത്താണ് ജനാധിപത്യത്തിന്റെ സൗന്ദര്യം; രാം നാഥ് കോവിന്ദ്
ഞാന്‍ ഈ സ്ഥാനം വളരെ വിനയത്തോടെ ഏറ്റെടുക്കുകയാണ്. ഞാനിതില്‍ പൂര്‍ണ്ണ ഉത്തരവാദിത്വമുള്ളവനായിരിക്കും. ഡോ.രാധാകൃഷ്ണന്‍, ഡോ.അബ്ദുള്‍ കലാം, പ്രണബ് മുഖര്‍ജി എന്നിവരുടെ പാത പിന്തുടര്‍ന്ന് തന്നെ താന്‍ മുന്നോട്ട് പോകുമെന്നും രാഷ്ട്രത്തിന്റെ പ്രഥമ പൗരനായി ചുമതലയേറ്റ ശേഷം നടത്തിയ ഹ്രസ്വമായ പ്രസംഗത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു.
പക്ഷെ അപ്പോഴും രാഷ്ട്രത്തിന്റെ സാംസ്‌കാരിക വൈവിധ്യത്തെയും ജനാധിപത്യ ബോധത്തെയും ലിംഗസമത്വത്തെയും പരാമര്‍ശിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജെ.എസ്.ഖെഹാര്‍ ചെല്ലികൊടുത്ത സത്യവാചകം ഏറ്റു പറഞ്ഞ ശേഷമായിരുന്നു രാജ്യത്തെ അഭിസംബോധന ചെയ്ത് അദ്ദേഹം സംസാരിച്ചത്. കെ.ആര്‍.നാരായണന് ശേഷം ദളിത് വിഭാഗത്തില്‍ ഇന്ത്യന്‍ രാഷ്ട്രപതിയാകുന്ന ആദ്യത്തെയാളാണ് രാംനാഥ് കോവിന്ദ്.
‘ഈ സഭയില്‍ വെച്ചാണ് നിങ്ങളില്‍ പലരുമായും ഞാന്‍ സംവാദത്തിലേര്‍പ്പെട്ടത്. യോജിച്ചും വിയോജിച്ചും ഇവിടെ വെച്ച് സംസാരിച്ചപ്പോഴും എതിര്‍കാഴ്ച്ചപ്പാടുകളെ ബഹുമാനിക്കാന്‍ നമ്മള്‍ ശ്രദ്ധിച്ചിരുന്നു. ഇതാണ് ജനാധിപത്യത്തിന്റെ സൗന്ദര്യം’. അദ്ദേഹം പറഞ്ഞു.
സാംസ്‌കാരിക വൈവിധ്യത്തിന് ഊന്നല്‍ നല്‍കിയും രാഷ്ട്രപതി സംസാരിച്ചു. ‘വൈവിധ്യങ്ങളുടെ നാടാണ് ഇന്ത്യ. വ്യത്യസ്തരായിരിക്കുമ്പോഴും നമ്മളെല്ലാം ഒന്നാണ്. സ്ത്രീകളും പുരുഷന്‍മാരും തോളോട് തോള്‍ ചേര്‍ന്നു കൊണ്ടാണ് എല്ലാ മേഖലയിലും പ്രവര്‍ത്തിക്കേണ്ടത്.
രാജ്യ നിര്‍മ്മാണം സര്‍ക്കാരിന് മാത്രമായി ചെയ്യാന്‍ കഴിയുന്ന ഒന്നല്ല. സര്‍ക്കാരിന് വഴികാട്ടിയാവാനേ കഴിയൂ’. ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ചയോടൊപ്പം തന്നെ ഉയര്‍ന്ന വിദ്യാഭ്യാസമുള്ള സമത്വാധിഷ്ടിതമായ ഒരു സമൂഹമാണ് നാം കെട്ടിപ്പടുക്കേണ്ടതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.