നടിയെ ആക്രമിച്ച കേസ്; ഇനി കേടതി നടപടി രഹസ്യം, പ്രതികളെ ഹാജരാക്കുമ്പോള്‍ മാധ്യമങ്ങള്‍ക്കോ, അഭിഭാഷകര്‍ക്കോ പൊതുജനത്തിനോ പ്രവേശനമുണ്ടാകില്ല
കൊച്ചിയില്‍ നടിയെ തട്ടികൊണ്ടുപോയി ആക്രമിച്ച കേസിലെ കോടതി നടപടികള്‍ ഇനി രഹസ്യമായി. നടിയെ ആക്രമിച്ച കേസില്‍ കോടതി നടപടികള്‍ രഹസ്യമാക്കണമെന്ന പ്രോസിക്യൂഷന്റെ അപേക്ഷയിലാണു അങ്കമാലി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി തീരുമാനമെടുത്തത്.
കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണു കോടതി തീരുമാനമറിയിച്ചത്. പ്രോസിക്യൂഷന്റെ ആവശ്യം അംഗീകരിച്ച കോടതി മാധ്യമപ്രവര്‍ത്തകരെയും മറ്റ് അഭിഭാഷകരെയും പുറത്താക്കിയാണു നടപടികള്‍ തുടര്‍ന്നത്.
യുവനടിയെ ഉപദ്രവിച്ച കേസ് ന്യൂഡല്‍ഹിയിലെ നിര്‍ഭയ കേസിനെക്കാള്‍ ഗൗരവമുള്ളതാണെന്നു പ്രോസിക്യൂഷന് കോടതിയില്‍ ബോധിപ്പിച്ചിരുന്നു. നടിയുടെ രഹസ്യമൊഴിയും പ്രോസിക്യൂഷന്റെ പക്കലുള്ള രഹസ്യസ്വഭാവമാര്‍ന്ന രേഖകളും പുറത്തുവരുന്നതു തടയാന്‍ തുറന്ന കോടതിയിലെ നടപടിക്രമങ്ങള്‍ ഒഴിവാക്കണമെന്നും പ്രോസിക്യൂഷന് അഭ്യര്‍ഥിച്ചു. തുറന്ന കോടതിയിലെ നടപടിക്രമങ്ങള്‍ കേസിനെയും ഇരയെയും ബാധിക്കുമെന്നും അറിയിച്ചു.
അക്രമണത്തിനിരയായ നടിയുടെ അഭിമാനവും സുരക്ഷയും സര്‍ക്കാരിന്റെ ചുമതലയാണ്. ആ സാമൂഹിക ഉത്തരവാദിത്തം പ്രോസിക്യൂഷനുണ്ടെന്നു സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പറഞ്ഞു.
ഗൂഢാലോചനയില്‍ പ്രതിയായി ആലുവ സബ്ജയിലില്‍ കഴിയുന്ന നടന് ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികളെ കോടതിയില്‍ ഹാജരാക്കുമ്പോള്‍ ഇനി പൊതുജനത്തിനോ മാധ്യമങ്ങള്‍ക്കോ മറ്റ് അഭിഭാഷകര്‍ക്കോ പ്രവേശനമുണ്ടാകില്ല.