അണ്ണന്‍ സഹായത്തിനുണ്ട്; ദിലീപിന് ജയിലില്‍ വിഐപി പരിഗണന നല്‍കി ജയില്‍ വകുപ്പ്, പ്രത്യേക ഭക്ഷണം അടുക്കളയില്‍ വെച്ച്
കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയില്‍ പ്രതിയായി ആലുവ സബ്ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനു ജയില്‍ വകുപ്പിന്റെ ഒത്താശ. തമിഴ്‌നാട് സ്വദേശിയായ മോഷണക്കേസ് പ്രതിയെയാണു ദിലീപ് ഉസഹായത്തിനു ജയില്‍ അധികൃതര്‍ വിട്ടുകൊടുത്തിരിക്കുന്നത്.
ദിലീപ് ഉള്‍പ്പെടെ നാല് പേരാണ് ഒരു സെല്ലില്‍ ഉള്ളത്. അതു മാത്രമല്ല മറ്റു തടവുകാര്‍ ഭക്ഷണം കഴിച്ചു സെല്ലിനുള്ളില്‍ കയറിയശേഷം, ജയില്‍ ജീവനക്കാര്‍ക്കു തയാറാക്കുന്ന പ്രത്യേക ഭക്ഷണം ദിലീപിന് ഭക്ഷണ ശാലയിലെത്തി കഴിക്കാം.
തടവുകാരെ വരിയാക്കി നിര്‍ത്തിയശേഷം ഭക്ഷണം വിളമ്പുകയാണു ജയിലിലെ പതിവ്. എന്നാല്‍, ദിലീപിനു രണ്ടു ദിവസമായി ജയിലിലെ അടുക്കളയിലാണു ഭക്ഷണം. പരസഹായമില്ലാതെ ജീവിക്കാന്‍ ബുദ്ധിമുട്ടുള്ള തടവുകാര്‍ക്കു മാത്രമാണു ജയിലില്‍ സഹായത്തിനു തടവുകാരെ അനുവദിക്കാറുള്ളത്.
തെല്ലാം അട്ടിമറിച്ചാണ് ദിലീപിന് സഹായിയെ അനുവദിച്ചത്. തുണി അലക്കല്‍, പാത്രം കഴുകല്‍, ശുചിമുറി വൃത്തിയാക്കല്‍ തുടങ്ങിയവയാണു സഹായിയുടെ പണി.
ഓരോ സെല്ലിനും പുറത്തുള്ള വരാന്തയില്‍ ഭക്ഷണം എത്തിച്ച്, മറ്റു തടവുകാര്‍ ഭക്ഷണം കഴിച്ചു സെല്ലില്‍ കയറിയശേഷമാണ് ദിലീപിനെ പുറത്തിറക്കി അടുക്കളയിലേയ്ക്കാനയിക്കുന്നത്. ജയില്‍ മെനുവില്‍ പെടാത്ത, പ്രത്യേക വിഭവങ്ങളാണ് ഇവിടെ ജീവനക്കാര്‍ക്കു വേണ്ടി തയാറാക്കുന്നത്.
കുളിയ്ക്കാന്‍ മറ്റു തടവുകാര്‍ക്കൊപ്പം ദിലീപിനെ പുറത്തിറക്കുന്ന രീതിയും നിര്‍ത്തി. എല്ലാവരും കുളിച്ചു പോയതിനുശേഷം ഒറ്റയ്ക്ക് ഇതിനുള്ള സൗകര്യം ചെയ്തുകൊടുക്കുകയാണു ചെയ്യുന്നത്.
ജയിലില്‍ ദിലീപിനു നല്‍കിയിരിക്കുന്ന വി.ഐ.പി. പരിഗണനയെക്കുറിച്ച് ജയില്‍ വകുപ്പ് അന്വേഷണം തുടങ്ങി. ഹൈക്കോടതിയില്‍നിന്നു ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷ ജയില്‍ ജീവനക്കാരോടു ദിലീപ് പങ്കുവച്ചിരുന്നു. ജാമ്യം തള്ളിയശേഷമാണു പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയത്. സുരക്ഷയുടെ പേരു പറഞ്ഞാണിതെങ്കിലും പിന്നില്‍ വഴിവിട്ട ഇടപാടുകളുണ്ടോയെന്നാണു ജയില്‍ വകുപ്പ് അന്വേഷിക്കുന്നത്.