ഡോ. കെ.ആര്. നാരായണന് ഹോസ്പിറ്റല്‍: വെള്ളവും, കറണ്ടും തന്നാല്‍ ആശുപത്രി പ്രവര്‍ത്തനം ആരംഭിക്കാം: ഡി.എം.ഒ., വെള്ളത്തിന്റെ അവസ്ഥ ഇങ്ങനെ
ഉഴവൂര്‍: ഡോ. കെ.ആര്. നാരയണനെന്ന മുന്‍രാഷ്ട്രപതിയുടെ ഓര്‍മ്മ നിലനിര്‍ത്താനായി അദേഹത്തിന്റെ ജന്മ നാട്ടില്‍ ഒരു സ്മരകമായി നിലവിലെ ബ്ലോക്ക് ലെവല്‍ പി.എച്ച്.സി.യെ മെമ്മോറിയല്‍ സ്പെഷ്യാലിറ്റി ആശുപത്രിയാക്കി ഉയര്‍ത്തിയിരുന്നു. നേരത്തെ ഉണ്ടായിരുന്ന മുഴുവന്‍ കെട്ടിട സമുച്ചയങ്ങളും ഒന്നാകെ പൊളിച്ച് നീക്കി 75 സെന്റില്‍ മൂന്നു നില കെട്ടിട നിര്‍മ്മാണം 2010ല്‍ എല്‍.ഡി.എഫ്. ഗവണ്മെന്റിന്റെ കാലത്ത് ആരംഭിച്ചു. പിന്നീട് യു.ഡി.എഫ്. ഗവണ്മെന്റ് മൂന്നു നിലക്കുകൂടി ഫണ്ട് അനുവദിച്ച് 2016 ഫെബ്രുവരിയില്‍ കെട്ടിടം പണി പൂര്‍ത്തീകരിച്ചതായി അവകാശപെട്ട് ഉദ്ഘാടനം നടത്തി. എന്നാല്‍ ആരോഗ്യ വകുപ്പ് ടി. കെട്ടിടം ഇതുവരെ ഏറ്റെടുക്കുന്നതിന് തയ്യാറായിട്ടില്ല.
പെതുമരാമത്ത് സിവില്‍, ഇലക്ട്രിക്കല്‍ വിഭാഗങ്ങളുടെ ജോലി പൂര്‍ത്തീകരിച്ചാല്‍ മാത്രമേ കെട്ടിടം ഏറ്റെടുക്കൂ എന്നാണ് വിവരാവകാശ രേഖകള്‍ പ്രകാരം ഡി.എം.ഒ. ഓഫീസ് പറയുന്നത്. തുടര്‍ന്ന് സി.പി.ഐ. ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഡി.എം.ഒ.യെ ജില്ലാ പഞ്ചായത്തംഗമായ പി. സുഗതന്റെ സാന്നിധ്യത്തില്‍ നേരിട്ട് കണ്ട് ചര്‍ച്ച നടത്തിയപോള്‍ വെള്ളവും, വൈദ്യൂതിയും നല്കിയാല് ആറു നില കെട്ടിടത്തിലെ താഴത്തെ നിലയില്‍ ഒ.പി. പ്രവര്‍ത്തനം ആരംഭിക്കാമെന്നും ബാക്കി നിലകളില്‍ തസ്തികകള്‍ സര്‍ക്കാര്‍ അനുവദിക്കുന്ന മുറയ്ക്കും ഫണ്ടുകള്‍ ലഭ്യമാകുന്ന മുറയ്ക്കും സ്പെഷ്യാലിറ്റി നിലവാരത്തിലുള്ള ആശുപത്രി തലത്തിലേയ്ക്ക് വളര്‍ത്തുന്നതിനായി ശ്രമിക്കാമെന്നുമാണ് ഡി.എം.ഒ. പറഞ്ഞത്. തുടര്‍ന്ന് ആശുപത്രിയിലേയ്ക്ക് വെള്ളം ലഭ്യമാണോ എന്ന് നോക്കിയപോഴാണ് ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള ആശുപത്രിയുടെ പഴയ കുളം തേകാതെ പള്ളപിടിച്ച് മതിലും വിണ്ടുകീറിയ നിലയില്‍ മരം കുളത്തിനകത്തു നിന്ന് വളര്‍ന്ന് നില്ക്കുന്നതായി കണ്ടത്.
ആശുപത്രിയെക്കുറിച്ചുള്ള എം.എല്‍.എ.യുടേയും ബ്ലോക്ക് പഞ്ചായത്തിന്റേയും ആത്മാര്‍ത്ഥതയില്ലായ്മയുടെ തെളിവാണ് വെള്ളം ലഭിക്കുന്ന കുളം സംരക്ഷിക്കുന്നതിനുള്ള യാതൊരു നടപടിയും ബ്ലോക്ക് പഞ്ചായത്തോ എം.എല്‍.എ.യോ നടത്താത്തത് എന്ന് സി.പി.ഐ. ഉഴവൂര്‍ ലോക്കല്‍ കമ്മറ്റി കുറ്റപെടുത്തി. ജനത്തെ പറഞ്ഞു പറ്റിക്കുന്ന എം.എല്‍.എ. ജനങ്ങളോട് മാപ്പ് പറയണമെന്നും സി.പി.ഐ. ആവശ്യപെട്ടു. ലോക്കല്‍ സെക്രട്ടറി വിനോദ് പുളിക്കനിരപേല്‍ അധ്യക്ഷത വഹിച്ചു. സണ്ണി ആനാലില്‍, സ്റ്റീഫന്‍ ചെട്ടിക്കത്തോട്ടത്തില്‍, ഫിലിപ്പ് വേലിക്കെട്ടേല്‍, ഷാജി പന്നിമറ്റത്തില്, ലൂക്കോസ് പനച്ചേംകുടിലില്‍, സജി കുഴിപ്പില്‍, രോയി തെനംകുഴിയില്‍ എന്നിവര്‍ പ്രസംഗിച്ചു.