നങ്കൂരമിട്ട് പൂജാര, ആഞ്ഞു വീശി ധവാന്‍; ‘ ഇരട്ട സെഞ്ച്വറി ‘ മികവില്‍ ഇന്ത്യ 300 കടന്നു

ചേതോഹരമായ ടെസ്റ്റ് ഇന്നിങ്‌സുമായി സെഞ്ചുറി കുറിച്ച ചേതേശ്വര്‍ പൂജാര. ഏകദിനത്തിലെന്ന പോലെ തകര്‍ത്തടിച്ച് ഇരട്ടസെഞ്ചുറിക്ക് തൊട്ടടുത്ത് പുറത്തായ ഓപ്പണര്‍ ശിഖര്‍ ധവാന്‍. രണ്ടാം വിക്കറ്റില്‍ ഇരുവരും പടുത്തുയര്‍ത്തിയ ഇരട്ടസെഞ്ചുറി കൂട്ടുകെട്ട് (253).

ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിന്റെ ഒന്നാം ദിനത്തില്‍ ഇന്ത്യ ശക്തമായ നിലയില്‍. 69 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 325 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. അഞ്ചാം ടെസ്റ്റ് സെഞ്ചുറി കുറിച്ച ധവാന്‍, ഇരട്ടസെഞ്ചുറിക്ക് 10 റണ്‍സകലെ പുറത്തായപ്പോള്‍, 12ാം ടെസ്റ്റ് സെഞ്ചുറി കണ്ടെത്തിയ പൂജാര ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് ചിറക് പകര്‍ന്ന് ഉപനായകന്‍ അജിങ്ക്യ രഹാനെയാണ് (എട്ട്) പൂജാരയ്‌ക്കൊപ്പം ക്രീസിലുണ്ട്.

26 പന്തില്‍ രണ്ടു ബൗണ്ടറി ഉള്‍പ്പെടെ 12 റണ്‍സെടുത്ത ഓപ്പണര്‍ അഭിനവ് മുകുന്ദിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. ധവാന്‍ പുറത്തായതിനു തൊട്ടുപിന്നാലെ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും മടങ്ങിയെങ്കിലും പൂജാര-രഹാനെ സഖ്യം ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് എത്തിച്ചു.

ഇന്ത്യയ്ക്ക് നഷ്ടമായ മൂന്നു വിക്കറ്റ് സ്വന്തം പേരിലാക്കിയ നുവാന്‍ പ്രദീപാണ് ലങ്കന്‍ നിരയില്‍ തിളങ്ങിയ ഏക ബോളര്‍. കരിയറിലെ അഞ്ചാം ടെസ്റ്റ് സെ!ഞ്ചുറി കുറിച്ച ധവാന്‍, 168 പന്തില്‍ 190 റണ്‍സെടുത്താണ് മടങ്ങിയത്. 31 ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതാണ് ധവാന്റെ ഇന്നിങ്‌സ്.

നങ്കൂരമിട്ട് കളിക്കുന്ന ചേതേശ്വര്‍ പൂജാര 181 പന്തില്‍ ഒന്‍പത് ബൗണ്ടറികള്‍ ഉള്‍പ്പെടെ 106 റണ്‍സെടുത്തിട്ടുണ്ട്. 110 പന്തില്‍ 16 ബൗണ്ടറികളുടെ അകമ്പടിയോടെയാണ് ധവാന്‍ സെഞ്ചുറിയിലേക്കെത്തിയത്.