ഒന്‍പതുമാസത്തെ അനിശ്ചിതങ്ങള്‍ക്കൊടുവില്‍ മൂസ നാടണഞ്ഞു
ദമ്മാം: ഇക്കാമ ഇല്ലാതെ ഒന്‍പതു മാസം അലഞ്ഞ മലയാളി യുവാവ്, നവയുഗം സാംസ്‌കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെ സഹായത്തോടെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.
കൊല്ലം ചവറ സ്വദേശിയായ മുഹമ്മദ് അഷറഫ് മൂസ എന്ന യുവാവിനാണ് നവയുഗം ജീവകാരുണ്യപ്രവര്‍ത്തകര്‍ തുണയായത്. ഏറെക്കാലം പ്രവാസിയായ മൂസ, മുന്‍പ് ജോലി ചെയ്തിരുന്ന കമ്പനിയില്‍ നിന്നും എക്‌സിറ്റ് പോയശേഷം, മറ്റൊരു വിസയില്‍ തിരികെ വന്ന്, ദമ്മാം കൊദറിയയില്‍ ഒരു ഹോട്ടല്‍ നടത്തി വരികയായിരുന്നു. ഒന്‍പതു മാസങ്ങള്‍ക്കു മുന്‍പാണ് മൂസ ഇക്കാമ എടുക്കാനായി ഒരു പരിചയക്കാരന്‍ വഴി ഒരു സൗദി പൗരന് 6500 റിയാല്‍ നല്‍കിയത്. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും ഇക്കാമ ലഭിച്ചില്ല. ഇക്കാമയില്ലാതെ ആകെ വിഷമസ്ഥിതിയിലായ മൂസ, നവയുഗം കൊദറിയ സനയ്യ യൂണിറ്റ് സെക്രട്ടറി റിജേഷ് കണ്ണൂരിനെ ബന്ധപ്പെട്ട് സഹായം അഭ്യര്‍ത്ഥിച്ചു. റിജേഷ് നവയുഗം ജീവകാരുണ്യവിഭാഗം കണ്‍വീനര്‍ ഷാജി മതിലകത്തെ ബന്ധപ്പെട്ടപ്പോള്‍, അദ്ദേഹം ഈ കേസിന്റെ ചുമതല നവയുഗം ജീവകാരുണ്യപ്രവര്‍ത്തകനായ ഷിബു കുമാറിനെ ഏല്‍പ്പിച്ചു.
ഷിബുകുമാര്‍ ആ സൗദി പൗരനെ പലതവണ ബന്ധപ്പെട്ട് സംസാരിച്ചെങ്കിലും, തനിയ്ക്ക് ആരും പണം നല്‍കിയിട്ടില്ല എന്ന നിലപാടാണ് അയാള്‍ സ്വീകരിച്ചത്. താന്‍ പണം നല്‍കി എന്ന നിലപാടില്‍ പരിചയക്കാരനും ഉറച്ചു നിന്നപ്പോള്‍, മൂസ ആകെ ധര്‍മ്മസങ്കടത്തിലായി. ഒടുവില്‍ ഷിബു കുമാറിന്റെ ഉപദേശം അനുസരിച്ച് പൊതുമാപ്പ് ഉപയോഗപ്പെടുത്തി, പ്രവാസം മതിയാക്കി എങ്ങനെയും നാട്ടിലേയ്ക്ക് മടങ്ങാന്‍ അയാള്‍ തീരുമാനിച്ചു.
ഷിബുകുമാര്‍ മൂസയെ തര്‍ഹീലില്‍ കൂട്ടികൊണ്ടു പോയി, അവിടെയുള്ള സാമൂഹ്യപ്രവര്‍ത്തകനായ വെങ്കിടേഷിന്റെ സഹായത്തോടെ ഫൈനല്‍ എക്‌സിറ്റ് അടിച്ചു വാങ്ങി നല്‍കി. നവയുഗം കൊദറിയ സനയ്യ യൂണിറ്റ് കമ്മിറ്റി, മൂസായ്ക്കുള്ള വിമാനടിക്കറ്റ് നല്‍കി.
നിയമനടപടികള്‍ പൂര്‍ത്തിയാക്കി നവയുഗത്തിന് നന്ദി പറഞ്ഞ് മൂസ നാട്ടിലേയ്ക്ക് മടങ്ങി.