മെഡിക്കല്‍ കോളേജ് കോഴ: സുപ്രീംകോടതി സിറ്റിംഗ് ജഡ്ജിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് രമേശ് ചെന്നിത്തല

ബി.ജെ.പി. നേതാക്കള്‍ ആരോപണ വിധേയരായ മെഡിക്കല്‍ കോളേജ് കോഴയുമായി ബന്ധപ്പെട്ട് പുറത്ത് വന്ന സംഭവത്തെ കുറിച്ച് സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

കേന്ദ്രം ഭരിക്കുന്നത് ബി.ജെ.പി ആയത് കൊണ്ട് കേന്ദ്ര അന്വേഷണത്തില്‍ കാര്യമില്ല. സുപ്രീംകോടതി സിറ്റിംഗ് ജഡ്ജിയെ കൊണ്ട് കേസ് അന്വേഷിപ്പിക്കാന്‍ സുപ്രീംകോടതി തയ്യാറാവണം.

കേന്ദ്രത്തില്‍ നടക്കുന്ന അഴിമതിയുടെ ചെറിയ ഭാഗം മാത്രമാണ് കേരളത്തില്‍ നിന്നും പുറത്ത് വന്നത്. സംസ്ഥാനത്ത് ഒര് സീറ്റ് ബി.ജെ.പിക്ക് ലഭിക്കുമ്പോള്‍ ഇത്രയും വലിയൊരു കോഴ നടത്തുകയാണെങ്കില്‍ കൂടുതല്‍ സീറ്റ് കിട്ടിയാല്‍ കേരളം തീറെഴുതിക്കൊടുക്കാന്‍ ബി.ജെ.പി മടിക്കില്ലെന്നും മൂന്നുവര്‍ഷത്തെ നരേന്ദ്രമോദി സര്‍ക്കാര്‍ ഭരണം അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുന്നു എന്നാണ് ഈ അഴിമതിയിലൂടെ വ്യക്തമായിരിക്കുന്നതെന്നും രമേശ് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.