രണ്ടുപേര്‍ തമ്മിലുള്ള ശരീരബന്ധത്തില്‍ കണ്‍സന്റ് എങ്ങനെയാണ് ഉണ്ടാകുന്നതെന്ന് പരിശോധിക്കണം: ഷാഹിന നഫീസയുടെ എഫ്ബി പോസ്റ്റ് വെളിച്ചം വീശുന്നത്…
അടുത്തിടെയായി കേരളത്തില്‍ കൂടുതല്‍ സ്ത്രീകള്‍ മുന്നോട്ടു വന്ന് ലൈംഗിക ചൂഷണങ്ങളും. അതിക്രമങ്ങളും സമൂഹത്തോട് വിളിച്ചു പറയുന്നു. സ്ത്രീകളെ ലൈംഗികമായി ആക്രമിക്കുന്നതും ചൂഷണം ചെയ്യുന്നതും ലൈംഗിക ചുവയോടെ സംസാരിക്കുന്നതുമൊക്കെ ‘ഇത്ര വലിയ കാര്യമാണോ ‘ എന്ന ആണ്‍ബോധത്തിന് കനത്ത പ്രഹരമാണ് ഈ പരാതികള്‍ എന്നാണ് മാധ്യമ പ്രവര്‍ത്തക ഷാഹിന നഫീസ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നത്.
ഷാഹിനയുടെ എഫ്ബി പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
കേരളം മാറുകയാണ് എന്ന് കരുതാമോ എന്നുറപ്പില്ല . പക്ഷേ ഒരു കാര്യം വളരെ ശുഭസൂചകമാണ് .കൂടുതല്‍ പെണ്‍കുട്ടികള്‍ /സ്ത്രീകള്‍ ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട പരാതികളുമായി മുന്നോട്ടു വരുന്നു എന്നതാണത് . ഇനിയും കൂടുതല്‍ പേര് മുന്നോട്ടു വരട്ടെ . സ്ത്രീകളെ ലൈംഗികമായി ആക്രമിക്കുന്നതും ചൂഷണം ചെയ്യുന്നതും ലൈംഗിക ചുവയോടെ സംസാരിക്കുന്നതുമൊക്കെ ‘ഇത്ര വലിയ കാര്യമാണോ ‘ എന്ന ആണ്‍ബോധത്തിന് കനത്ത പ്രഹരമാവട്ടെ ഈ പരാതികള്‍ . രണ്ടു പേര് തമ്മില്‍ ബന്ധത്തിലേര്‍പ്പെടുകയും ബന്ധം മോശമായി കഴിയുമ്പോള്‍, സ്ത്രീകള്‍ ബലാല്‍സംഗം ചെയ്തു എന്ന് പരാതി പറയുകയും ചെയ്യുന്നത് ഒരു വലിയ പ്രശ്നമായി പലരും ഇവിടെ ചര്‍ച്ച ചെയ്യുന്നത് കാണുന്നു .അക്കൂട്ടത്തില്‍ സ്ത്രീകളും ഉണ്ട് എന്ന് കണ്ടത് കൊണ്ട് ചില കാര്യങ്ങള്‍ പറയണം എന്ന് തോന്നുന്നു .
പ്രധാനമായും പരിഗണിക്കേണ്ടത് രണ്ടു പേര് തമ്മിലുള്ള ബന്ധം രൂപപ്പെടുന്നതിന്റെ മുന്നുപാധികള്‍ എന്തൊക്കെയാണ് എന്നതാണ് . ഇവര്‍ക്കിടയില്‍ ഉണ്ടാവുന്ന ശരീരബന്ധത്തില്‍ കണ്‍സന്റ് എങ്ങനെയാണ് ഉണ്ടാകുന്നത് എന്നതാണ് പരിശോധിക്കേണ്ടത് . ആ കണ്‍സന്റ് വ്യാജമായോ ബലം പ്രയോഗിച്ചോ (by fraud or force) നേടിയതാണെങ്കില്‍ അത് സമ്മതമായി കണക്കാക്കാന്‍ കഴിയുകയില്ല തന്നെ. വിവാഹം കഴിക്കാം എന്ന ഉറപ്പിന്മേല് ഒരു പെണ്‍കുട്ടി ലൈംഗികബന്ധത്തിന് തയ്യാറാവുകയും എന്നാല്‍ ആ വാഗ്ദാനം ലംഘിക്കപ്പെടുകയും ചെയ്താല്‍ അത് വ്യാജമായി നേടിയ സമ്മതമാണ് എന്ന് തന്നെ കരുതേണ്ടി വരും . consent ഇല്ലാതെ ഒരു സ്ത്രീയുമായി ലൈംഗികബന്ധം പുലര്‍ത്തിയാല്‍ അത് ബലാല്‍സംഗമാണ്. ‘ രണ്ടു പേരും സുഖിച്ചില്ലേ ‘ തുടങ്ങിയ വാദങ്ങള്‍ക്ക് യാതൊരു പ്രസക്തിയുമില്ല .കാരണം വ്യാജമായി നേടിയ സമ്മതം സമ്മതമല്ല തന്നെ .
പുരുഷന്മാരേ , വിവാഹം സ്ത്രീകളുടെ ജീവിതത്തിലെ ഏറ്റവും സുപ്രധാനമായ കാര്യമായി കണക്കാക്കിപ്പോരുന്ന ഒരു സാമൂഹ്യവ്യവസ്ഥ സൃഷ്ടിക്കുന്ന അനിവാര്യമായ ദുരന്തമാണ് നിങ്ങള്‍ അനുഭവിക്കുന്നത് . വിവാഹം കഴിക്കും എന്ന പ്രതീക്ഷയില്‍ ഒരാളുമായി റിലേഷന്‍ഷിപ്പില്‍ ഏര്‍പ്പെട്ട ശേഷം വിവാഹം നടക്കാതിരുന്നാല്‍ സ്ത്രീകള്‍ക്ക് അത് വലിയ ജീവന്മരണ പ്രശ്നമായി മാറുന്ന ഒരു സമൂഹത്തെയാണ് നമ്മള് സൃഷ്ടിച്ചത് . അതേ സമയം പുരുഷന്മാര്ക്ക് അത് വലിയ പ്രശ്നമല്ല താനും. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ പാട്രിയാര്‍ക്കിയുടെ സര്‍വ സൗകര്യങ്ങളും അനുഭവിച്ചു ജീവിക്കുന്നതിനു നിങ്ങള്‍ ഒടുക്കേണ്ടി വരുന്ന വിലയാണിത് . പരിഹാരം ഒന്നേയുള്ളൂ .സ്ത്രീകളെ നിങ്ങളോളം പോന്ന സ്വതന്ത്ര്യ വ്യക്തികളായി അംഗീകരിക്കുക .ബഹുമാനിക്കാന്‍ ശീലിക്കുക .കള്ളം പറഞ്ഞും പറ്റിച്ചും സ്വന്തം ലൈംഗികതാത്പര്യങ്ങള്‍ നടത്തിയെടുക്കാമെന്നും പിന്നീട് ഭയപ്പെടുത്തിയോ ,അപമാനിച്ചോ ഒഴിവാക്കാമെന്നും കരുതാതിരിക്കുക . ഏതൊരു ബന്ധത്തിലും -അത് ഏതാനും രാത്രികളുടെ ബന്ധമാണെങ്കില്‍ പോലും പുലര്‍ത്തേണ്ട പരസ്പരബഹുമാനവും മര്യാദയും ശീലിക്കുക . ‘ഞാന്‍ അവളെ വളച്ചു’വെന്ന് വീരസ്യം പറയരുത് .ആര്‍ക്കറിയാം ? ചിലപ്പോള്‍ തിരിച്ചായിരിക്കും .അവള് നിങ്ങളെയായിരിക്കും വളക്കുന്നത്. പുരുഷന്മാരെ , നിങ്ങള്‍ക്ക് അംഗീകരിക്കാന്‍ ബുദ്ധിമുട്ടുള്ള ഒരു സത്യമാണിത് .പാട്രിയാര്‍ക്കി നിങ്ങളെ തിരിഞ്ഞു കൊത്തുകയാണ് . അനുഭവിക്കാതെ എന്ത് ചെയ്യും ? പാട്രിയാര്‍ക്കിയുടെ സുഖ സൗകര്യങ്ങള്‍ വേണ്ടെന്നു വെക്കാനും നിങ്ങള്‍ അന്യായമായി കൈവശം വെച്ചിരിക്കുന്ന, സ്ത്രീകളുടെ പാതിയാകാശവും ഭൂമിയും അവര്‍ക്ക് വിട്ടു കൊടുക്കാനും തയ്യാറാവൂ .കാര്യങ്ങള്‍ മാറും .ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഫെമിനിസ്റ്റുകളായി വളരട്ടെ .അപ്പോള്‍ ബന്ധങ്ങള്‍ ചൂഷണവിമുക്തമാകും . പ്രണയത്തില്‍ പ്രണയമല്ലാതെ മറ്റുപാധികള് ഇല്ലാതാകും .പ്രണയമായാലും ഇനി അതില്ലാത്ത ശാരീരികബന്ധമായാലും രണ്ടു തുല്യ വ്യക്തികള്‍ തമ്മിലുള്ള കൊടുക്കല്‍ വാങ്ങലായി മാറും .എന്റെ ശരീരത്തിന്റെയും ജീവിതത്തിന്റെയും ഉടമ ഞാന്‍ തന്നെയാണ് എന്ന അഭിമാനബോധത്തോടെ ജീവിക്കാന്‍ സ്ത്രീകള്‍ക്ക് കഴിഞ്ഞാല്‍ അവര്‍ പിന്നെ നിങ്ങളെ ആശ്രയിക്കില്ല . ബുദ്ധിമുട്ടിക്കില്ല .
ജീവിതം കുറേക്കൂടി മനോഹരമാകും . പക്ഷേ അതിനു ഇപ്പോള്‍ നിങ്ങള്‍ അനുഭവിക്കുന്ന കുറേ സുഖ സൗകര്യങ്ങള്‍ വേണ്ടെന്നു വെക്കേണ്ടി വരും .ലോകത്തിന്റെ ഉടമ എന്ന സ്ഥാനത്തു നിന്നും ഇറങ്ങി കൊടുക്കേണ്ടി വരും . ബുദ്ധിമുട്ടായി തോന്നുന്നുണ്ടല്ലേ ? അപ്പൊ വേറെ വഴിയില്ല .അനുഭവിക്കുക തന്നെ.