സന്തോഷ് പണ്ഡിറ്റിനെ കളിയാക്കി ; മനോരമയുടെ ഡി4 ഡാന്‍സ് പരിപാടിക്ക് കിട്ടിയത് എട്ടിന്റെ പണി
മലയാളത്തില്‍ ഏറെ പ്രചാരമുള്ള ടി വി പരിപാടിയായ മഴവില്‍ മനോരമ ചാനലിലെ ഡി ഫോര്‍ ഡാന്‍സ് എന്ന പരിപാടിക്ക് ഇടയിലാണ് സിനിമാ താരമായ സന്തോഷ് പണ്ഡിറ്റിനെ അപമാനിച്ചത്. പരിപാടിയുടെ വേദിയില്‍ നടി പ്രയാഗാ മാര്ട്ടിന് അതിഥിയായി എത്തിയപ്പോഴായിരുന്നു സന്തോഷ് പണ്ഡിറ്റിനെ അപമാനിക്കുന്ന തരത്തിലുള്ള പ്ലക്കാര്‍ഡും പെരുമാറ്റവും ഷോയിലുണ്ടായത്. പ്രയാഗ പങ്കെടുത്ത ഒരു ഗെയിമിലെ ചില പരാമര്‍ശങ്ങളാണ് വിവാദത്തിന് ആധാരം. സന്തോഷ് പണ്ഡിറ്റ് എന്നെഴുതിയ ഒരു പ്ലക്കാര്‍ഡ് പ്രയാഗയ്ക്ക് വായിക്കാന്‍ കഴിയാത്തവിധം വെച്ച ശേഷം പ്ലക്കാര്‍ഡില്‍ എന്താണെന്നു പറയാന്‍ ആവശ്യപ്പെടുകയാണ് ചെയ്തത്. ക്ലൂ ലഭിക്കുന്നതായി പ്രയാഗ ചില ചോദ്യങ്ങള്‍ ചോദിക്കുന്നുണ്ട്. ‘ഈ വ്യക്തി സുന്ദരനാണോ?’ എന്ന പ്രയാഗയുടെ ചോദ്യത്തിന് പ്രസന്ന മാസ്റ്റര്‍ ‘അല്ല’ എന്ന ഉത്തരമാണ് സോഷ്യല്‍ മീഡിയയെ ചൊടിപ്പിച്ചത്.കൂടാതെ ‘കട്ടപ്പ’ എന്ന ബഫൂണ്‍ കഥാപാത്രം സന്തോഷ് പണ്ഡിറ്റിനെ പരിഹസിക്കും വിധം സംസാരിച്ചതിനുമെതിരെ രൂക്ഷമായ ഭാഷയില്‍ തന്നെ ഇപ്പോള്‍ ചാനലിനു മറുപടി ലഭിച്ചുക്കൊണ്ടിരിക്കുകയാണ്.
വേദിയില്‍ എത്തിയ പ്രയാഗ മാര്ട്ടിന് ‘കിട്ടിയ സന്തോഷ് പണ്ഡിറ്റ് പണി’ എന്ന തലക്കെട്ടില്‍ മഴവില്‍ മനോരമ പോസ്റ്റു ചെയ്ത വീഡിയോയ്ക്കു കീഴില്‍ ഇത് വ്യക്തിപരമായ അധിക്ഷേപമാണെന്ന് ചൂണ്ടിക്കാട്ടുന്ന നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. ചാനല്‍ മാപ്പു പറയണമെന്ന ആവശ്യവും സോഷ്യല്‍ മീഡിയ മുന്നോട്ടു വെയ്ക്കുന്നുണ്ട്. ഏറെക്കാലമായി മിക്ക ചാനല്‍ പരിപാടികളിലും കോമഡിക്ക് അപഹാസ്യനാക്കുന്ന ഒരു വ്യക്തിയായി സന്തോഷ് പണ്ഡിറ്റ് മാറിക്കഴിഞ്ഞു. ഈ കോപ്രായങ്ങള്‍ കണ്ട് ജനങ്ങള്‍ക്ക് മടുത്തു എങ്കിലും ചാനലുകാര്‍ക്ക് മടുപ്പ് ഉണ്ടായിട്ടില്ല. ഇപ്പോള്‍ മമ്മൂട്ടി നായകനായ ചിത്രത്തില്‍ ഒരു മുഖ്യ വേഷത്തില്‍ അഭിനയിച്ചുവരികയാണ് സന്തോഷ് പണ്ഡിറ്റ്.