സ്വകാര്യതയ്ക്കുളള അവകാശം ജീവിക്കാനുളള അവകാശത്തിനു മുകളിലല്ലെന്ന്‍ കേന്ദ്രസര്‍ക്കാര്‍

സ്വകാര്യതയ്ക്കുളള അവകാശം ജീവിക്കാനുളള അവകാശത്തിനു മുകളിലല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍. സ്വകാര്യത മൗലിക അവകാശമാണോയെന്ന വിഷയത്തില്‍ വാദം കേള്‍ക്കവെയാണു കേന്ദ്രം നിലപാട് അറിയിച്ചത്. ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാര്‍ അധ്യക്ഷനായ ഒന്‍പതംഗ ഭരണഘടനാ ബെഞ്ചാണ് ആധാറിനെതിരെയുളള ഹര്‍ജികള്‍ പരിഗണിച്ചത്.

സ്വകാര്യത മൗലികാവകാശമായി കണക്കാക്കാനാകില്ല. ഇരു അവകാശങ്ങളും തമ്മില്‍ തര്‍ക്കമുണ്ടായാല്‍ ജീവിക്കാനുള്ള അവകാശത്തിനായിരിക്കും മുന്‍ഗണന. സ്വകാര്യത എന്നത് സ്വാതന്ത്ര്യത്തിന്റെ ഒരു വകഭേദമാണ്. ഇതു ജീവിക്കാനുള്ള അവകാശത്തിനു കീഴെയാണു വരുന്നത്.

പാവപ്പെട്ടവരുടെ ജീവിതത്തിന്റെ സുരക്ഷിതത്വത്തിനാണ് ആധാര്‍. ഭക്ഷണവും പാര്‍പ്പിടവും ഉള്‍പ്പെടെയുള്ളവയ്ക്കാണ് ആധാര്‍, കേന്ദ്രം സുപ്രീം കോടതിയില്‍ പറഞ്ഞു. അതേസമയം, സ്വകാര്യത മൗലികാവകാശമായി പ്രഖ്യാപിക്കണമെന്നു നാല് ബിജെപി ഇതര സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടു.

കര്‍ണാടകയും ബംഗാളും പഞ്ചാബും പുതുച്ചേരിയുമാണു കേസില്‍ കക്ഷിചേര്‍ക്കണമെന്ന് ആവശ്യപ്പെട്ടു സുപ്രീം കോടതിയെ സമീപിച്ചത്. മുതിര്‍ന്ന അഭിഭാഷകനായ കപില്‍ സിബലാണു നാലു സംസ്ഥാനങ്ങള്‍ക്കുവേണ്ടി കോടതിയെ സമീപിച്ചത്.