ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു; അനുകൂലിക്കില്ലെന്നു പാര്‍ട്ടി എം.പി, നിതീഷിനെ തള്ളിപ്പറയാന്‍ ശരദ് യാദവിനെക്കണ്ട് ആവശ്യപ്പെട്ടു വീരേന്ദ്രകുമാര്‍
രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. ബുധനാഴ്ച വൈകിട്ട് രാജിവച്ച നിതീഷ് നേരം ഇരുട്ടിവെളുത്തപ്പോള്‍ വീണ്ടും മുഖ്യമന്ത്രിയായി. എന്‍.ഡി.എയുടെ പിന്തുണയോടെയാണു ജെ.ഡി.യു. നേതാവായ നിതീഷ് കുമാര്‍ സര്‍ക്കാര്‍ രൂപീകരിച്ചത്. മുതിര്‍ന്ന ബി.ജെ.പി. നേതാവ് സുശീല്‍ കുമാര്‍ മോദി ഉപമുഖ്യമന്ത്രിയായി. ഗവര്‍ണറുടെ ചുമതലയുള്ള കേസരി നാഥ് ത്രിപാഠി സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ബിഹാര്‍ മുഖ്യമന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ ചെയ്ത നിതീഷ് കുമാറിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. നിതീഷ് കുമാറിനെയും ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദിയെയും അഭിനന്ദിച്ച നരേന്ദ്ര മോദി, ബിഹാറിന്റെ സമൃദ്ധിക്കും പുരോഗതിക്കുംവേണ്ടി ഒരുമിച്ചുനില്‍ക്കാമെന്നു വാഗ്ദാനം ചെയ്തു.
അതേസമയം, ബിജെപിയോടു ചേരാനുള്ള നിതീഷിന്റെ തീരുമാനം ജെഡിയുവില്‍ പൊട്ടിത്തെറിക്കു വഴിയൊരുക്കി. ബി.ജെ.പി. പിന്തുണയോടെ സര്‍ക്കാരുണ്ടാക്കുന്നതിനെ അനുകൂലിക്കില്ലെന്നു പാര്‍ട്ടി എം.പി. അലി അന്‍വര്‍ പറഞ്ഞു.
ബിഹാറില്‍ മഹാസഖ്യം വേര്‍പ്പെടുത്തി ബി.ജെ.പിയുമായി ചേര്‍ന്ന നിതീഷ് കുമാറിന്റെ നീക്കത്തോടു യോജിക്കുന്നില്ലെന്ന് ജനതാദള്‍ സംസ്ഥാന ഘടകം അധ്യക്ഷന്‍ എം.പി. വീരേന്ദ്രകുമാര്‍.
നിതീഷിനെ തള്ളിപ്പറയാന്‍ ജെ.ഡി.യു. എം.പിമാര്‍ തയാറാകണം. വേണ്ടിവന്നാല്‍ രാജ്യസഭാംഗത്വം താന്‍ രാജിവയ്ക്കും. കേരളത്തിലെ പാര്‍ട്ടി ഒരിക്കലും ഫാസിസ്റ്റ് കക്ഷികളുമായുള്ള ബന്ധം അംഗീകരിക്കുന്നില്ല. പാര്‍ട്ടിയുടെ കൗണ്‍സില്‍ യോഗം ചേര്‍ന്നു ഭാവി പരിപാടികള്‍ തീരുമാനിക്കും. നിതീഷിനെ തള്ളിപ്പറയാന്‍ ശരദ് യാദവിനെക്കണ്ട് ആവശ്യപ്പെട്ടുവെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു.
ഞങ്ങള്‍ അത് അംഗീകരിക്കുന്നില്ല. നിതീഷുമായുള്ള എല്ലാ ബന്ധവും ഇതോടെ അവസാനിച്ചു. ബി.ജെ.പിയുടെ ഫാസിസത്തിനെതിരായി പ്രതിപക്ഷത്തിനൊപ്പം ഒറ്റക്കെട്ടായിനിന്ന് മതനിരപേക്ഷത സംരക്ഷിക്കാന്‍ ഞങ്ങള്‍ ശ്രമിക്കുമെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു.