ദിലീപിന്റെ വീടിനും, സ്ഥാപനങ്ങള്‍ക്കും സുരക്ഷക്കായി ചെന്നൈയില്‍ നിന്നും ബൗണ്‍സേര്‍സ്; ഭയക്കുന്നത് പോലീസിനെ, ഇരുട്ടില്‍ തപ്പി പോലീസ്
സുരക്ഷ, എസ് കത്തി മാതൃകയില്‍ തെളിവ് ശേഖരണം നടക്കുമെന്ന സംശയത്തില്‍
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപിന്റെ വീടിനും, സ്ഥാപനങ്ങള്‍ക്കും സുരക്ഷക്കായി ചെന്നൈയില്‍ നിന്നും പ്രൈവറ്റ് ഏജന്‍സിയുടെ കാവല്‍. 120 ബി അടക്കം ജാമ്യമില്ലാത്ത വകുപ്പുകള്‍ ചുമത്തി ജയിലില്‍ അടച്ച നടനെതിരെ മതിയായ തെളിവുകള്‍ ഒന്നും തന്നെ ലഭിക്കാത്ത പോലീസ് തെളിവുകള്‍ ശേഖരിക്കാന്‍ എസ് കത്തി മാതൃകയില്‍ തെളിവ് ശേഖരണത്തിന് ശ്രമിക്കുമെന്ന ഭയത്തിലാണ് പ്രൈവറ്റ് ഏജന്‍സിയുടെ സുരക്ഷ ഒരുക്കിയിരിക്കുന്നത്.
സെലിബ്രിറ്റികളും, രാഷ്ട്രീയ പ്രമുഖരും പങ്കെടുക്കുന്ന പരിപാടികള്‍ നിയന്ത്രിക്കുകയും സുരക്ഷയൊരുക്കുകയും ചെയ്യുന്ന തമിഴ്‌നാട്ടില്‍ നിന്നുള്ള ഇവന്റ് മാനേജ്‌മെന്റ് കമ്പനി ഇന്നലെ മുതല്‍ കാവല്‍ ആരംഭിച്ചിട്ടുണ്ട്. ബൗണ്‍സേര്‍സ് കാവല്‍ നീക്കുന്നത് കൂടാതെ സുരക്ഷാ സംവിധാനത്തിനായി ഇപ്പോഴുള്ള സി. സി. ടിവി ക്യാമറകള്‍ക്ക് പുറമെ പോലീസ് കണ്‍ട്രോള്‍ റൂമില്‍ ഉപയോഗിക്കുന്നതു പോലെ ചെന്നൈയില്‍ നിന്നും നിയന്ത്രിക്കാവുന്ന ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.
തിങ്കളാഴ്ച്ച ദിലീപിന് ജാമ്യം നിഷേധിക്കപ്പെട്ടതിന് തൊട്ടു പിന്നാലെയാണ് തിരക്കിട്ട ഈ നീക്കങ്ങള്‍ നടന്നിരിക്കുന്നത്. മുതിര്‍ന്ന അഭിഭാഷകന്റെ നിര്‍ദ്ദേശപ്രകാരമാണ് ഇത്തരം നടപടി.
നടന്‍ ദിലീപിന് ജാമ്യം നിഷേധിച്ചതിന് പ്രധാന കാരണമായി പറയുന്നത് ഗൂഡാലോചനയെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ച് നിസ്സാര ദിവസങ്ങളെ ആയിട്ടുള്ളൂ എന്നതാണ്. പ്രതി സമൂഹത്തെ സ്വാധീനിക്കാന്‍ കഴിവുള്ള ആളായതിനാല്‍ പുറത്തിറങ്ങിയാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും കോടതി നിരീക്ഷിച്ചു.
ഇതിനേക്കാള്‍ എല്ലാം പ്രധാനമായി ഗൂഡാലോചനക്കേസിലെ മുഖ്യ തെളിവായ നടിയുടെ നഗ്‌ന ചിത്രങ്ങള്‍ എടുക്കാന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണും മെമ്മറികാര്‍ഡും കണ്ടെത്താന്‍ സാധിക്കാത്തതിനാല്‍ ഈ കേസില്‍ തെളിവ് കണ്ടെത്തി ദിലീപ് കുറ്റക്കാരാനാണെങ്കില്‍ പ്രതിചേര്‍ക്കാന്‍ പൊലീസിന് കുറച്ച് സമയവും കൂടെയാണ് കോടതി നല്‍കിയിട്ടുള്ളത്.
പള്‍സര്‍ സുനിയുടെ ജയിലില്‍ നിന്നുമുള്ള കത്തും, നടിയുമായുള്ള മുന്‍ വൈരാഗ്യമടക്കം അനുമാനങ്ങളുമല്ലാതെ ദിലീപിനെതിരെ നിലനില്‍ക്കുന്ന ഒരു തെളിവും പോലീസിന് ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.
പോലീസ് പറയുന്നത് പോലെ കാര്യങ്ങള്‍ പറയുന്ന പള്‍സര്‍ സുനിയെ ഉപയോഗിച്ച് നടനെ കുടുക്കുവാനുള്ള പോലീസ് ശ്രമമാണ് നടക്കുന്നതെന്ന് ദിലീപിനായി വാദിക്കുന്നവരുടെ സംശയം ബലപ്പെടുകയാണ്.
ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനു ശേഷം പെട്ടെന്നു സുപ്രീം കോടതിയെ സമീപിക്കേണ്ട എന്നതാണ് ദിലീപിന് കിട്ടിയിരിക്കുന്ന നിയമോപദേശം. പക്ഷെ അപ്പോഴും പോലീസിനു മുന്നിലുള്ളത് വളരെ പ്രധാനപ്പെട്ട 10 ദിനങ്ങളാണ്. വീണ്ടും ദിലീപ് കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുമ്പോഴേയ്ക്കും പോലീസിന് വ്യക്തമായ തെളിവ് ഹാജരാക്കേണ്ടതുണ്ട്.
അല്ലാത്തപക്ഷം ദിലീപിന് ജാമ്യം ലഭിക്കുകയും സര്‍ക്കാരിനും മുഖ്യമന്ത്രിക്കും പോലീസിനും അത്രമേള്‍ നാണക്കേട് ഉണ്ടാക്കാന്‍ അത് വഴി വെയ്ക്കുകയും ചെയ്യും. അതു കൊണ്ട് തന്നെയാണ് കേസ് പഠിച്ച മുതിര്‍ന്ന ക്രിമിനല്‍ അഭിഭാഷനടക്കം തത്കാലം സുപ്രീം കോടതിയെ ജാമ്യത്തിനായി സമീപിക്കേണ്ടെന്ന നിലപാട് എടുത്തിരിക്കുന്നത്.
കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോര്‍ട്ടുകളനുസരിച്ച് ഇനി നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ കോടതി നടപടികള്‍ അതീവ രഹസ്യമായിരിക്കും. ഈ ആവശ്യമുന്നയിച്ച് പ്രോസിക്യൂഷന്‍ കോടതിയില്‍ എത്തിയതിനു പിന്നാലെ കോടതി അത് തത്വത്തില്‍ ശരി വെയ്ക്കുകയായിരുന്നു. ഇനി സര്‍ക്കാരിന് കോടതിയില്‍ നിന്ന് വിമര്‍ശനമേറ്റാലും, പോലീസിനെ ശകാരിച്ചാലും ഒന്നും വാര്‍ത്തകള്‍ അത്രകണ്ട് പുറത്തുവരില്ലെന്ന് ഉറപ്പുവരുത്താനുള്ള ശ്രമം കൂടിയാണ് നടന്നത്.
ഇനിയുള്ള ദിവസങ്ങള്‍ കൊണ്ട് തെളിവുകള്‍ കണ്ടെത്താനാകാത്ത പക്ഷം പ്രതിക്കൂട്ടിലാകുന്നത് സര്‍ക്കാരായിരിക്കും. അതുകൊണ്ട് തന്നെ ഏതു വിധേനെയും തെലിവുണ്ടാക്കാന്‍ ശ്രമം നടന്നേയ്ക്കുമെന്ന കണ്ടെത്തലാണ് ഇപ്പോള്‍ ബൗണ്‍സേഴ്‌സില്‍ എത്തി നില്‍ക്കുന്നത്.