500 പിന്നിട്ട് ഇന്ത്യ; ഉച്ച ഭക്ഷണണത്തിനു പിരിയുമ്പോള്‍ മികച്ച സ്‌കോറില്‍

ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിന്റെ ഒന്നാമിന്നിങ്‌സില്‍ ഇന്ത്യ മികച്ച സ്‌കോറിലേക്ക്. രണ്ടു സെഞ്ചുറിയും ഒരു അര്‍ധസെഞ്ചുറിയും പിറന്ന ഇന്നിങ്‌സില്‍ ഇന്ത്യയുടെ സ്‌കോര്‍ 500 പിന്നിട്ടു. മത്സരം രണ്ടാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 503 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. ഹാര്‍ദിക പാണ്ഡ്യയും രവീന്ദ്ര ജഡേജയുമാണ് ക്രീസില്‍.

കളിയുടെ തുടക്കത്തില്‍ തന്നെ 12 റണ്‍സെടുത്ത അഭിനവ് മുകുന്ദിനെ നഷ്ടപ്പെട്ട ഇന്ത്യക്കായി രണ്ടാം വിക്കറ്റില്‍ ധവാനും പൂജാരയും ഒത്തുചേരുകയായിരുന്നു. ഇരുവരും 253 റണ്‍സിന്റെ കൂട്ടുകെട്ടാണുണ്ടാക്കിയത്.

സെഞ്ചുറിക്ക് പത്ത് റണ്‍സകലെ വെച്ച് ധവാന് വിക്കറ്റ് നഷ്ടപ്പെട്ടു. 168 പന്തില്‍ 31 ഫോറിന്റെ അകമ്പടിയോടെ 190 റണ്‍സടിച്ച ധവാന്‍ ടെസ്റ്റ് കരിയറിലെ അഞ്ചാം സെഞ്ചുറിയാണ് നേടിയത്. പൂജാര 265 പന്തില്‍ 153 റണ്‍സ് നേടി.

ക്യാപ്റ്റന്‍ വിരാട് കോലി മൂന്ന് റണ്‍സിന് പുറത്തായപ്പോള്‍ അജിങ്ക്യ രഹാനെ അര്‍ധസെഞ്ചുറി കണ്ടെത്തി. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയുടെ ഇന്നിങ്‌സിന് അടിത്തറ നല്‍കിയത് ശിഖര്‍ ധവാന്റെയും ചേതേശ്വര്‍ പൂജാരയുടെയും ഇന്നിങ്‌സാണ്.

130 പന്തില്‍ 57 റണ്‍സ് നേടി രഹാനെ ഇന്ത്യയുടെ മധ്യനിരക്ക് കരുത്തു പകര്‍ന്നു. പൂജാരയും രഹാനെയും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 137 റണ്‍സിന്റെ കൂട്ടുകെട്ടാണുണ്ടാക്കിയത്. ആര്‍.അശ്വിന്‍ 47 റണ്‍സെടുത്തപ്പോള്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ വൃദ്ധിമാന്‍ സാഹക്ക് തിളങ്ങാനായില്ല.

സാഹ 16 റണ്‍സിന് പുറത്തായി. ലങ്കക്കായി നുവാന്‍ അഞ്ചു വിക്കറ്റ് നേട്ടം കൊയ്തു. 25 ഓവര്‍ എറിഞ്ഞ പ്രദീപ് 88 റണ്‍സ് വഴങ്ങിയാണ് ഇന്ത്യയുടെ അഞ്ചു ബാറ്റ്‌സ്മാന്‍മാരെ പുറത്താക്കിയത്.