നടി ആക്രമിക്കപ്പെട്ട സംഭവം: ഗായിക റിമി ടോമിയെ പോലീസ് ചോദ്യം ചെയ്തു, ഇല്ലെന്ന് വിശദീകരിച്ച് പോലീസ്

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ഗായിക റിമി ടോമിയെ പോലീസ് ചോദ്യം ചെയ്തു. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെ ദിലീപും കാവ്യാമാധവനുമായി റിമി ടോമി സംസാരിച്ചെന്ന് അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു.

ഇതിന് പിന്നാലെയാണ് റിമി ടോമിയെ ചോദ്യം ചെയ്തത്. കൂടാതെ ദിലീപുമായി സാമ്പത്തിക ഇടപാടുകള്‍ റിമി നടത്തിയിരുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ട വിവരം റിമി ടോമി എങ്ങനെ അറിഞ്ഞുവെന്ന് അന്വേഷണ സംഘം ചോദിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം കേസുമായി ബന്ധപ്പെട്ട് ഗായിക റിമി ടോമിയെ ചോദ്യം ചെയ്തിട്ടില്ലെന്ന് അന്വേഷണ സംഘം. റിമി ടോമിയില്‍ നിന്ന് ചില കാര്യങ്ങള്‍ ഫോണിലൂടെ ആരായുക മാത്രമാണ് ചെയ്തത്. റിമി ടോമിയെ ചോദ്യം ചെയ്തിട്ടില്ലെന്നും ചോദ്യം ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പോലീസ് വ്യക്തമാക്കി.

ദിലീപ് ടീമിന്റെ അമേരിക്കന്‍ പ്രോഗ്രാമുമായി ബന്ധപ്പെട്ടാണ് റിമിയില്‍ നിന്ന് വിവരങ്ങള്‍ ആരാഞ്ഞത്. റിമി ടോമിയും ആ പരിപാടിയില്‍ പങ്കെടുത്തിരുന്നു. അമേരിക്കന്‍ സന്ദര്‍ശനത്തിന് തൊട്ടുമുമ്പാണ് ദിലീപ് പള്‍സര്‍ സുനി ഭീഷണിപ്പെടുത്തിയെന്ന് കാണിച്ച് പരാതി നല്‍കിയത്. ഇതേത്തുടര്‍ന്നാണ് പോലീസ് റിമി ടോമിയില്‍ നിന്ന് ചില വിവരങ്ങള്‍ തേടിയത്.