ജന സാഗരം സാക്ഷി; ‘ഷോട്ട് പുളിക്കത്ര’ നീരണിഞ്ഞു

എടത്വാ: കഴിഞ്ഞ 9 പതിറ്റാണ്ടായി ജല കായിക മത്സര രംഗത്ത് ലോകമെങ്ങുമുള്ള കുട്ടനാടന്‍ ജലോത്സവ പ്രേമികള്‍ക്ക് ആവേശവും അതുല്യമായ പെരുമയും സമ്മാനിച്ച മാലിയില്‍ പുളിക്കത്ര തറവാട്ടില്‍ നിന്നും വഞ്ചി പാട്ടിനാലും ആര്‍പ്പുവിളികളാലും മുകരിതമായ അന്തരീക്ഷത്തില്‍ ജന സാഗരം സാക്ഷിയാക്കി ‘ഷോട്ട് പുളിക്കത്ര’ നീരണിഞ്ഞു. നവതി നിറവില്‍ നടന്ന നീരണിയല്‍ ചടങ്ങില്‍ പ്രദേശവാസികള്‍ ഉള്‍പ്പെടെ വിവിധ ഭാഗങ്ങളില്‍ നിന്നും പതിനായിരക്കണക്കിന് ജനങ്ങള്‍ എത്തി ചേര്‍ന്നത് ഉത്സവ ലഹരി പകര്‍ന്നു.

ഒരു നൂറ്റാണ്ടിനുള്ളില്‍ ഒരേ കുടുബത്തില്‍ നിന്നും തുടര്‍ച്ചയായി 4 തലമുറക്കാര്‍ ഒരേ വിഭാഗത്തില്‍ കളിവള്ളങ്ങള്‍ നിര്‍മിച്ച് ചരിത്രം ഇതോട്ടുകൂടി പുളിക്കത്ര തറവാട് സ്വന്തമാക്കി.

നീരണിയല്‍ ചടങ്ങിന് മുന്നോടിയായി നടന്ന കൂദാശ ചടങ്ങുകള്‍ക്ക് മാത്യൂസ് മാര്‍ തേവോദോസിയോസ് മെത്രാപോലീത്തയും റവ.തോമസ് മാത്യം സമൂഹ പ്രാര്‍ത്ഥനയ്ക്കും നേതൃത്വം നല്‍കി. പൊതു സമ്മേളനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ ഡോ. ജോണ്‍സണ്‍ വി.ഇടിക്കുള അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാല്‍ നീരണിയല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. എടത്വാ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടെസി ജോസ് നവതി സ്മാരക ജീവകാരുണ്യ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ബിനു ഐസക്ക് രാജു ഷോട്ട് വെബ് സൈറ്റ് ഉദ്ഘാടനം ചെയ്തു.

ഫോം മാറ്റിംങ്ങിസ് ചെയര്‍മാന്‍ കെ.ആര്‍ ഭഗീരഥന്‍ ആദ്യ തുഴച്ചില്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. ബ്ലോക്ക് പഞ്ചായത്ത അംഗം പ്രതിഭാ പുരസ്‌ക്കാരം ബിജു പാലത്തിങ്കല്‍ വിതരണം ചെയ്തു. കമാന്‍ഡര്‍ ജയ് ചാക്കോ ഇലഞ്ഞിക്കല്‍ ഏറ്റവും മുതിര്‍ന്ന തുഴച്ചില്‍ക്കാരെ ആദരിച്ചു. ആര്‍പ്പൂക്കര ബോട്ട് ക്ലബ് ക്യാപ്റ്റന്‍ കെ.സി.ലാല്‍ ടീം അംഗങ്ങളെ പരിചയപെടുത്തി. പുതിയ ഷോട്ട് പുളിക്കത്രയുടെ ശില്പി സാബു നാരായണന്‍ ആചാരിയ്ക്ക് മോളി ജോണ്‍ പുളിക്കത്ര ഉപഹാരം നല്കി.

ബ്ലോക്ക് പഞ്ചായത്ത് അംഗം ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ശ്യാമള രാജന്‍, ദീപാ ഗോപകുമാര്‍, കേരള റേസ് ബോട്ട് ഓണേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ.ഉമ്മന്‍ മാത്യൂ, നെഹ്‌റു ട്രോഫി ബോട്ട് റേസ് എക്‌സിക്യൂട്ടീവ് അംഗങ്ങളായ എസ്.എന്‍.ഇക്ബാല്‍, ബെറ്റി ജോസഫ്, എം.മുഹമ്മദ് വാരിക്കാട്, ജയിംസ് ചുങ്കത്തില്‍, ജോസഫ് ഇളംകുളം എന്നിവര്‍ പ്രസംഗിച്ചു. സംഘാടക സമിതി വൈസ് ചെയര്‍മാന്‍ ജിനോ മണക്കളം സ്വാഗതവും ജോര്‍ജ് ചുമ്മാര്‍ പുളിക്കത്ര കൃതജ്ഞതയും പ്രകാശിപ്പിച്ചു.

നീരണിയലിന് ശേഷം ദക്ഷിണേന്ത്യയിലെ പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ എടത്വാ സെന്റ് ജോര്‍ജ് ഫൊറോനാ പള്ളിക്കടവിലേക്ക് ആദ്യ തുഴച്ചില്‍ നടത്തി.വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ എടത്വ പൗരാവലിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി.എടത്വാ പള്ളി വികാരി റവ.ഫാദര്‍ ജോണ്‍ മണക്കുന്നേല്‍ വെഞ്ചരിപ്പ് കര്‍മ്മം നിര്‍വഹിച്ചു.കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എടത്വാ യൂണിറ്റ് പ്രസിഡന്റ് കോശി കുര്യന്‍ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കച്ചന്‍ ആശാംപറമ്പില്‍ പൗര സ്വീകരണം ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ജയിന്‍ മാത്യൂ , സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് റജി പി. വര്‍ഗ്ഗീസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. .തുടര്‍ന്ന് മാലിപ്പുരയില്‍ വള്ളസദ്യയും നടന്നു.

2016 ഓഗസ്റ്റ് 18ന് സാബു നാരായണന്‍ ആചാരിയാണ് ഏറ്റവും പുതിയ ഷോട്ടിന് ഉളികുത്തല്‍ കര്‍മ്മം നടത്തിയത്.ഇപ്പോള്‍ നിര്‍മ്മിച്ച കളിവള്ളത്തിന് മുപ്പത്തി അഞ്ചേ കാല്‍ കോല്‍ നീളവും 40 അംഗുലം വീതിയും ഉണ്ട്.50 തുഴച്ചില്‍ക്കാരും 3 നിലക്കാരും 4 പങ്കായക്കാരും 3 ഒറ്റതുഴക്കാരും ഉള്‍പെടെ 60 പേര്‍ക്ക് തുഴയാവുന്ന തരത്തിലാണ് വള്ളത്തിന്റെ ഘടന. ആഞ്ഞിലി തടിയിലാണ് വള്ളത്തിന്റെ പണി പൂത്തിയാക്കിയിരിക്കുന്നത്. ജോര്‍ജ് ചുമ്മാറിന്റെ ഏക മകനായ 6 വയസ്സുള്ള ആദം പുളിക്കത്രയാണ് ‘ഷോട്ട’ ക്യാപ്റ്റന്‍.

വെപ്പ് വള്ളങ്ങളില്‍ ഏറെ പ്രസിദ്ധമായ ജലരാജാവ് പുളിക്കത്ര വള്ളം 1926 ലാണ് ആദ്യമായി നീരണിയുന്നത്. നീലകണ്ഠന്‍ ആചാരിയായിരുന്നു ശില്പി.1952 ലെ നെഹ്‌റു ട്രോഫി ജലമേളയില്‍ 1500 മീറ്റര്‍ 4.4 മിനിട്ട് എന്ന റിക്കോര്‍ഡ് സമയം കൊണ്ട് തുഴഞ്ഞെത്തി ചരിത്രം സൃഷ്ടിച്ചതാണ് ആദ്യ വള്ളമായ പുളിക്കത്ര. ചെറുവള്ളങ്ങളുടെ ജല രാജാവ് ആയ ‘ഷോട്ട് ‘ തിരുത്താന്‍ ആവാത്ത ജയഘോഷങ്ങളുടെ നിരന്തര പരമ്പരയായി 36 തവണ വെപ്പ് എ ഗ്രേഡ് ശ്രഖലയില്‍ ചോദ്യം ചെയ്യപെടാനാവാത്ത വിധം പേര് പോലെ തന്നെ വിജയം നേടിയിട്ടുണ്ട്.

എല്ലാവരുടെയും പ്രാര്‍ത്ഥനയും പ്രോത്സാഹനവും കൊണ്ട് വീണ്ടും ജലോത്സവ പ്രേമികളുടെ മനസ്സ് വീണ്ടും കീഴടക്കാന്‍ തയ്യാറാടെറുക്കുകയാണ് മാലിയില്‍ പുളിക്കത്ര തറവാട്. തന്റെ പിതാവ് പുളിക്കത്ര ബാബുവിന്റെ സ്മരണക്കായി ആണ് പുതിയതായി വീണ്ടും കളി വള്ളം നിര്‍മ്മിച്ചതെന്ന് ജോര്‍ജ് ചുമ്മാര്‍ മാലിയില്‍ പുളിക്കത്ര പറഞ്ഞു.