അപ്പുണ്ണിയ്ക്ക് മുന്‍കൂര്‍ജാമ്യമില്ല ; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കോടതി
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ മാനേജറായ അപ്പുണ്ണിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. അപ്പുണ്ണി ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. അപ്പുണ്ണിയെ പ്രതിയാക്കുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.
ദിലീപിന്റെ മാനേജരായ അപ്പുണ്ണിക്ക് നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. പള്‍സര്‍ സുനിയെ ദിലീപിനു പരിചയപ്പെടുത്തിയത് അപ്പുണ്ണിയാണെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഗൂഢാലോചന നടന്ന പല സ്ഥലങ്ങളിലും അപ്പുണ്ണിയുടെ സാന്നിധ്യവും പോലീസ് സ്ഥിരീകരിച്ചിരുന്നു.
ക്വട്ടേഷന്‍ ഏറ്റെടുക്കാന്‍ സുനിക്കു ദിലീപ് അഡ്വാന്‍സ് നല്‍കിയെന്ന് സംശയിക്കുന്ന തൃശൂര്‍ ജോയ് പാലസ് ഹോട്ടലില്‍ സുനി എത്തിയതും അപ്പുണ്ണിയോട് സംസാരിച്ചശേഷമാണ്. ഈ ദിവസം നാലുതവണ സുനിയും അപ്പുണ്ണിയും ഫോണില്‍ സംസാരിച്ചതിനും പോലീസിന്റെ പക്കല്‍ തെളിവുണ്ട്.
തൃശൂരിലെ ഹോട്ടലില്‍ വച്ച് ദിലീപ് സുനിക്ക് പതിനായിരം രൂപ അഡ്വാന്‍സ് നല്‍കിയെന്നാണ് കണ്ടെത്തല്‍. ഇക്കാര്യങ്ങളെക്കുറിച്ച് ചോദ്യംചെയ്യാന്‍ പോലീസ് വിളിപ്പിച്ചതോടെ അപ്പുണ്ണി ഒളിവില്‍ പോകുകയായിരുന്നു. അപ്പുണ്ണി നിലമ്പൂര്‍ ഭാഗത്തെവിടെയോ ഒളിവില്‍ കഴിയുകയാണെന്ന നിഗമനത്തിലാണ് പോലീസ്.