ബിജെപി ഓഫീസ് ആക്രമണം: കയ്യും കെട്ടി നോക്കി നിന്ന പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
സി.പി.എം. – ബി.ജെ.പി. സംഘര്‍ഷം രൂക്ഷമായ തിരുവനന്തപുരത്ത് ആക്രമികള്‍ എത്തിയപ്പോള്‍ കയ്യും കെട്ടി നോക്കി നിന്ന പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. ഇന്ന് പുലര്‍ച്ചെ സുരക്ഷാ ജോലിയില്‍ ഉണ്ടായിരുന്ന രണ്ട് പോലീസുകാരെയാണു സസ്‌പെന്‍ഡ് ചെയ്തത്.
വെള്ളിയാഴ്ച പുലര്‍ച്ചെ ബി.ജെ.പി. സംസ്ഥാന ഓഫിസ് അക്രമികള്‍ തകര്‍ക്കുമ്പോള്‍ പോലീസ് നോക്കിനില്‍ക്കുകയാണ് ചെയ്തതെന്നു ബി.ജെ.പി. ആരോപിച്ചിരുന്നു. ഇതേത്തുടര്‍ന്നാണു പോലീസുകാര്‍ക്കെതിരെ നടപടിയെടുത്തത്.
മ്യൂസിയം എസ്.ഐ. അടക്കം അഞ്ചുപേര്‍ സ്ഥലത്ത് ഉണ്ടായിരുന്നെങ്കിലും ഒരു സിവില്‍ പൊലീസ് ഓഫീസര്‍ മാത്രമാണ് അക്രമികളെ തടയാന്‍ ശ്രമിച്ചതെന്നു ബി.ജെ.പി. നേതാക്കള്‍ ചൂണ്ടിക്കാട്ടി. അക്രമത്തിന്റേതായി ബി.ജെ.പി. പുറത്തുവിട്ട സി.സി.ടി.വി. ദൃശ്യത്തിലും പോലീസുകാര്‍ നിഷ്‌ക്രിയരായി നില്‍ക്കുന്നതു കാണാം.
വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം.
ഈ സമയം ബി.ജെ.പി. ഓഫീസിനു മുന്നില്‍ അക്രമികള്‍ വന്ന ബൈക്കിന്റെ നമ്പര്‍ ശേഖരിക്കാന്‍ ശ്രമിച്ച പോലീസുകാരനെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. ഈ സമയം മറ്റു പോലീസുകാര്‍ കാഴ്ചക്കാരായി നില്‍ക്കുകയായിരുന്നു. പതിനഞ്ചു മിനുറ്റോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് അക്രമികള്‍ മടങ്ങിയത്.
അതേസമയം, സംഘര്‍ഷാവസ്ഥ രൂക്ഷമായ തലസ്ഥാന ജില്ലയില്‍ പോലീസ് സുരക്ഷ ശക്തമാക്കി. പാര്‍ട്ടി ഓഫീസുകളിലും പ്രധാനകേന്ദ്രങ്ങളിലും കൂടുതല്‍ പോലീസിനെ വിന്യസിച്ചു. മൂന്നു ദിവസത്തേക്കു തലസ്ഥാനത്തു രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രകടനങ്ങള്‍ നിരോധിച്ചു.
പ്രതികളെ പിടികൂടുന്നതിനു പ്രത്യേക പോലീസ് സംഘത്തേയും നിയോഗിച്ചു. പൊതുസ്ഥലത്തു സ്ഥാപിച്ചിട്ടുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടിതോരണങ്ങള്‍ മാറ്റാന്‍ ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു.