ബിഎസ്എന്‍എല്‍ ബ്രോഡ്ബാന്‍ഡുകളില്‍ വൈറസ് ആക്രമണം; പാസ്‌വേര്‍ഡ് പുന:ക്രമീകരിക്കണമെന്ന് അധികൃതര്‍
രാജ്യത്തെ ബി.എസ്.എന്‍.എല്‍. ബ്രോഡ്ബാന്‍ഡ് നെറ്റ്‌വര്‍ക്കുകളില്‍ വൈറസ് ആക്രമണം. ഉപയോക്താക്കളുടെ മോഡത്തിലാണു വൈറസ് ആക്രമണം കണ്ടെത്തിയതെന്നു ബി.എസ്.എന്‍.എല്‍. വ്യക്തമാക്കി.
ഇതേ തുടര്‍ന്നു ബ്രോഡ്ബാന്‍ഡ് ഉപയോക്താക്കളോടു പാസ്‌വേര്‍ഡ് പുനഃക്രമീകരിക്കാന്‍ ബി.എസ്.എന്‍.എല്‍. ആവശ്യപ്പെട്ടു. ഈ ആഴ്ച ആദ്യമാണു കുഴപ്പങ്ങള്‍ കണ്ടെത്തിയതെന്നാണ് ഔദ്യോഗിക വിശദീകരണം.
പാസ്‌വേര്‍ഡ് പുതുക്കാതെ ഉപയോഗിക്കുന്ന മോഡങ്ങളിലാണു പ്രധാനമായും വൈറസ് ബാധ കണ്ടെത്തിയതെന്നു ബി.എസ്.എന്‍.എല്‍. പറയുന്നു. മോഡം വാങ്ങുമ്പോള്‍ തന്നെയുള്ള പാസ്‌വേര്‍ഡ് ആയ ‘അഡ്മിന്‍’ മാറ്റാത്ത ഉപയോക്താക്കള്‍ ഒട്ടേറെയുണ്ടെന്നും ഇവര്‍ക്കാണു പ്രശ്‌നങ്ങള്‍ കണ്ടെത്തിയതെന്നുമാണു വിശദീകരണം.
എല്ലാ ഉപയോക്താക്കളും മോഡം റീസെറ്റ് ചെയ്തു പാസ്‌വേര്‍ഡ് മാറ്റണമെന്നാണു ബി.എസ്.എന്‍.എല്ലിന്റെ നിര്‍ദേശം.ബി.എസ്.എന്‍.എല്ലിന്റെ പ്രധാന നെറ്റ്‌വര്‍ക്കുകളിലോ സെര്‍വറുകളിലോ പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്നും അധികൃതര്‍ പറഞ്ഞു.