മൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി

പി പി ചെറിയാന്‍

ഒഹായൊ: മൂന്ന് വയസ്സുള്ള പെണ്‍കുട്ടിയുടെ പീഡിപ്പിച്ചതിന് ശേഷം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ റൊണാള്‍ഡ് ഫിലിപ്പിന്റെ (43) വധശിക്ഷ ഇന്ന് (ജൂലായ് 26ന്) ലൂക്കസ് വില്ലിലെ സതേണ്‍ ഒഹായൊ കറക്ഷണല്‍ ഫെസിലിറ്റിയില്‍ നടപ്പിലാക്കി.

1993ലായിരുന്നു കേസിനാസ്പദമായ സംഭവം. ഫിലിപ്പിന്റെ കാമുകിയുടെ മകളായിരുന്നു മൂന്ന് വയസ്സുകാരി. ഇവര്‍ പുറത്ത് പോകുമ്പോള്‍ കുട്ടിയെ ഫിലിപ്പിനെ ഏല്‍പ്പിച്ചിരുന്നു. തിരിച്ചു വന്ന് കുട്ടിയെ അന്വേഷിച്ചപ്പോള്‍ അബോധാവസ്ഥയില്‍ കഴിയുന്ന കുട്ടിയെയാണ് കണ്ടത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു.

ഓട്ടോപ്സിയില്‍ കുട്ടിയുടെ ആന്തരികാവയവങ്ങള്‍ തകര്‍ന്നിരുന്നതായും, മര്‍ദ്ദനമേറ്റിരുന്നതായും കണ്ടെത്തി. പ്രതി ആദ്യം കുറ്റം നിഷേധിച്ചുവെങ്കിലും പിന്നീട് കുറ്റം സമ്മതിക്കുകയായിരുന്നു.

മൂന്ന് വര്‍ഷത്തിന് ശേഷം ആദ്യമായാണ് ഒഹായോയില്‍ വധശിക്ഷ നടപ്പാക്കുന്നത്. വിഷമിശ്രിതത്തിന്റെ ലഭ്യത കുറവായതിനാലും, മിശ്രിതം കുത്തിവെച്ച് നടപ്പാക്കുന്ന വധശിക്ഷ ക്രൂരമായതിനാലും പലതവണ വധശിക്ഷ നടപ്പാക്കുന്നത് കോടതി വിലക്കിയിരുന്നു. ഇന്നലെ സുപ്രീം കോടതി വധശിക്ഷക്കുള്ള അനുമതി നല്‍കിയതോടെ ശിക്ഷ നടപ്പാക്കുകയായിരുന്നു.

മരിക്കുന്നതിന് മുമ്പ് കുട്ടിയുടെ കുുംബാഗങ്ങളോട് പ്രതി മാപ്പപേക്ഷിച്ചിരുന്നു. വിഷ മിശ്രിതം സിരകളിലേക്ക് പ്രവേശിച്ച് നിമിഷങ്ങള്‍ക്കകം മരണം സ്ഥിരീകരിച്ചു.