എകെജി സെന്ററിന് പോലീസ് കാവല്‍; നേതാക്കള്‍ക്ക് വധഭീഷണി, ബിജെപി സിപിഎം ഓഫീസുകള്‍ക്ക് കാവല്‍
തിരുവനന്തപുരത്ത് ഇന്നലെ മുതല്‍ ആരംഭിച്ച ബി.ജെ.പി. സി.പി.എം. സംഘര്‍ഷത്തെ തുടര്‍ന്ന് പോലീസ് കനത്ത ജാഗ്രത നിര്‍ദേശം നല്‍കി. കൂടുതല്‍ ആക്രമണങ്ങള്‍ ഒഴിവാക്കാനാണ് പോലീസ് ജാഗ്രത നിര്‍ദേശം നല്‍കിയത്.
തലസ്ഥാനത്തെ നഗരകേന്ദ്രങ്ങളില്‍ സുരക്ഷ ശക്തമാക്കി. അഞ്ഞൂറിലധികം പോലീസുകാരെയാണ് വിവിധയിടങ്ങളിലായി നിയോഗിച്ചത്. തിരുവനന്തപുരം റെയ്ഞ്ച് ഐ.ജിയുടെ നിര്‍ദേശ പ്രകാരം എ.കെ.ജി. സെന്ററിന് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. തലസ്ഥാനത്തെ ചില നേതാക്കള്‍ക്ക് വധഭീഷണിയുണ്ടെന്നും പോലീസ് അറിയിച്ചു.
തിരുവനന്തപുരത്ത് ആക്രമണം നടന്ന സാഹചര്യത്തില്‍ കണ്ണൂരിലെ സി.പി.എം.ബി.ജെ.പി. പാര്‍ട്ടി ഓഫിസുകളിലും സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരത്ത് മണക്കാട് മേഖലയില്‍ ആരംഭിച്ച സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായിരുന്നു ബി.ജെ.പി. സംസ്ഥാന കമ്മിറ്റി ഓഫിസിനും സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വീടിനു നേരെയുമുളള ആക്രമണങ്ങള്‍. ഏഴ് സി.പി.എം. ബി.ജെ.പി. കൗണ്‍സിലര്‍മാരുടെ വീടുകള്‍ക്ക് നേരെയും ആക്രമണം ഉണ്ടായിരുന്നു.
സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റേത് അടക്കമുളള വാഹനങ്ങള്‍ അക്രമിസംഘം അടിച്ചുതകര്‍ത്തു. വെളളിയാഴ്ച പുലര്‍ച്ചെ 1.10നാണ് ആക്രമണം ഉണ്ടായത്. ബി.ജെ.പി. സംസ്ഥാന കമ്മിറ്റി ഓഫിസിന് മുന്നില്‍ പോലീസുകാര്‍ കാവല്‍ക്കാരായി ഉണ്ടായിരുന്നെങ്കിലും ഇവരെ തളളിമാറ്റിയും മര്‍ദിച്ചുമാണ് ആക്രമണം ഉണ്ടായത്.
മൂന്ന് ബൈക്കുകളിലെത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ആക്രമണം നടക്കുന്ന സമയത്ത് സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ഓഫിസിലുണ്ടായിരുന്നു. കുമ്മനത്തിന്റെ വാഹനവും അടിച്ചുതകര്‍ത്തു.