ഫാ. മാര്‍ട്ടിന്‍ വാഴച്ചിറയുടെ മൃതദേഹം വിട്ടുകിട്ടി; നാട്ടിലേക്ക് അയക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു

ഷൈമോന്‍ തോട്ടുങ്കല്‍

എഡിന്‍ബറോ: സ്‌കോട്‌ലന്‍ഡിലെ ഡാന്‍ ബാന്‍ ബീച്ചിനു സമീപം ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കാണപ്പെട്ട സിഎംഐ സഭാംഗം മാര്‍ട്ടിന്‍ വാഴച്ചിറയുടെ മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി സിഎംഐ സഭക്ക് സ്‌കോട്ടിഷ് പോലീസ് വിട്ടു നല്‍കി . മരണ കാരണം ഉള്‍പ്പടെ ഉള്ള കാര്യങ്ങള്‍ ഇതുവരെ അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയിട്ടില്ല എങ്കിലും ആവശ്യമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി എന്നുവേണം അനുമാനിക്കാന്‍.

ഇന്നലെ വൈകുന്നേരം മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ നിര്‍വഹിക്കുന്ന ഫ്യുണറല്‍ ഡയറക്ടേഷസിനു കൈമാറിയ മൃതദേഹം ഇപ്പോള്‍ അവര്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്നു രാവിലെ പ്രാദേശിക കൗണ്‍സിലില്‍ മരണം രജിസ്റ്റര്‍ ചെയ്യുകയും തുടര്‍ന്ന്, എഡിന്‍ബറോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നിന്നും നാട്ടിലേക്ക് മൃതദേഹം അയക്കുന്നതിനു വേണ്ട നടപടികള്‍ ചെയ്യുകയുമാണ്.

മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിന് ഇന്ത്യന്‍ എംബസിയില്‍ നിന്നും ലഭിക്കേണ്ട എന്‍ഒസി, യാത്ര രേഖകള്‍ എന്നിവ ഇന്നു തന്നെ ശരിയാക്കി ലഭിക്കുമെന്നു കരുതുന്നു. ഇത് ഫ്യുണറല്‍ ഡയറക്ടേഷസിനു കൈമാറി കഴിഞ്ഞാല്‍ വിമാനത്തിലെ ലഭ്യത അനുസരിച്ചു അടുത്ത ദിവസങ്ങളില്‍ തന്നെ മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ കഴയും. അടുത്ത ആഴ്ച ആദ്യത്തോടെ തന്നെ സംസ്‌കാര ശുശ്രൂഷയും നടത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള കാര്യങ്ങള്‍ക്കുള്‍പ്പടെ സിഎംഐ സഭ ചുമതലപ്പെടുത്തിയിട്ടുള്ള ഫാ. ടെബിന്‍ പുത്തന്‍പുരക്കലാണ് പ്രാദേശിക കൗണ്‍സിലുമായും സ്‌കോട്ടിഷ് പോലീസുമായും ഇന്ത്യന്‍ എംബസിയുമായും ചേര്‍ന്ന് കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതെന്നും ഇദ്ദേഹവും നാട്ടിലേക്ക് മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്. മൃതദേഹം നാട്ടിലെത്തിച്ചാല്‍ ചങ്ങനാശേരി ചെത്തിപ്പുഴ തിരുഹൃദയ കൊവേന്തയിലെ സെമിത്തേരിയിലാവും സംസ്‌കരിക്കുക. ഫാ മാര്‍ട്ടിന്റെ കുട്ടനാട്ടിലെ വസതിയിലും പൊതു ദര്‍ശനത്തിനായിവയ്ക്കും എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ഇക്കഴിഞ്ഞ ജൂണ്‍ ഇരുപത്തിനാല് ഫാ. മാര്‍ട്ടിനെ കാണാതാവുന്നത്. ഇംഗ്ലീഷ് സാഹിത്യത്തില്‍ ഉപരി പഠനം നടത്തുന്നതിനു വേണ്ടിയാണു അദ്ദേഹം കഴിഞ്ഞ വര്‍ഷം എഡിന്‍ബറോയിലെത്തിയത്. മരണകാരണം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ വരും ദിവസങ്ങളില്‍ സ്‌കോട്ടിഷ് പോലീസ് വെളിപ്പെടുത്തും എന്നാണ് കരുതുന്നത്.