രോഗിയായ മേരിയമ്മയ്ക്കും, ബധിരയും, മൂകയുമായ മകളും താമസിക്കുന്നിവിടെ; അഡ്വ. ശ്രീജിത്കുമാര്‍ ഒരു യാത്രയില്‍ കണ്ടെത്തിയത്
കോഴിക്കോട്: കേട്ടറിവിനേക്കാളും ഭീതിതമാണ് കണ്ടറിയുന്ന സത്യം! സാമൂഹ്യ പ്രവര്‍ത്തകനും വേള്‍ഡ് മലയാളി ഫെഡറേഷന്റെ പ്രതിനിധിയുമായ അഡ്വ. ശ്രീജിത്കുമാര്‍ കണ്ടെത്തിയ സത്യം കണ്ണുനിറയ്ക്കുന്നതും, ഭയാനകവുമായിരുന്നു. ആരോരും നോക്കാനില്ലാതെ രോഗിയായ ഒരു അമ്മയും, ഭിന്ന ശേഷിയുളള അവരുടെ മകളും നരകതുല്യം ജീവിക്കുന്ന ഒരു കാഴ്ചയായിരുന്നു അത്.
വഴി മാറ്റി സഞ്ചരിച്ച യാത്രയിലാണ് ശ്രീജിത്ത് മേരിയമ്മക്ക് അരികിലെത്തിയത്. വയനാട് നായ്ക്കട്ടിയിലെ പുറംപോക്കില്‍ കിടപ്പാടമെന്ന് പേരിട്ട് വിളിക്കാന്‍ പോലും കഴിയാത്ത പ്ലാസ്റ്റിക് കൂദുകള്‍ കെട്ടി നിരത്തിയ ഒരു കൊച്ചുകൂരയില്‍ കഴിയുന്ന രണ്ടു ജീവിതങ്ങള്‍. ആ കൂട്ടിലേക്ക് കാലെടുത്തുവയ്ക്കാന്‍ പോലും ശ്രീജിത്തിന് ഭയമായിരുന്നു. കാരണം ഇരുട്ട് നിറഞ്ഞു, കുറ്റിക്കാടുകള്‍ക്കും, വെള്ളം കെട്ടി നില്‍ക്കുന്ന ചതുപ്പിനും നടുവിലെ പ്ലാസ്റ്റിക് കൂടിനകത്ത് വല്ല ഇഴ ജന്തുക്കളും കടന്നു കൂടിയിട്ടുണ്ടാവുമോ എന്ന ഭയം.
രോഗിയായ മേരിയമ്മയും, ബധിരയും, മൂകയുമായ മകളും താമസിക്കുന്ന വീടിന്റെ വിവരണമാണിത്. മഴയില്‍ ചോര്‍ന്നൊലിക്കുന്ന, ശക്തമായ കാറ്റില്‍ ഏതുസമയവും സ്വന്തം മേല്‍ക്കൂര നിലംപതിക്കുമോ എന്ന മരണഭയവും പേറി മേരിയമ്മ അവിടെ ജീവിക്കുകയാണ്. ഒരു സര്‍ക്കാരും സന്നദ്ധ സംഘടനകളും തിരിഞ്ഞുനോക്കാതെ ആ ജീവിതങ്ങള്‍ അവിടെ തകര്‍ന്നടിയുകയാണ്.
മേരിയമ്മ പ്ലാസ്റ്റിക് മറച്ച് താമസിക്കുന്നത് പുറംപോക്കിലാണ്. സ്വന്തമായി ഭൂമിയും, ആധാരവുമില്ലാത്തതുകൊണ്ടാണത്രെ അവര്‍ക്കു വീട് ലഭിക്കാത്തത്. ഭൂമിയില്ലന്ന പേരില്‍ പുറം തള്ളപ്പെടുന്ന ഇത്തരം പാവങ്ങള്‍ എന്ത് ചെയ്യണമെന്നു ആര്‍ക്കും അറിയില്ല പ്രത്യേകിച്ച് അധികാരികള്‍ക്കു ഒട്ടും അറിയില്ല. പുറംപോക്കില്‍ ജീവിക്കുന്നതിന്റെ തടസ്സങ്ങളും, സുരക്ഷിതത്വമില്ലായ്മയും ഉയര്‍ത്തുന്ന ഭീഷണികള്‍ കണ്ടില്ല എന്ന് നടിക്കാന്‍ ചിലര്‍ക്കെങ്കിലും ആവില്ല എന്നതുതന്നെയാണ് ശ്രീജിത്തിനെപോലെയുള്ളവര്‍ക്കു ഇടപെടാന്‍ പ്രേരണയാകുന്നതും.
വര്‍ദ്ധിത വീര്യമുണര്‍ത്തുന്ന കഴിഞ്ഞ കാല അനുഭവങ്ങളുടെ പാഠവുമായി ശ്രീജിത്തും സുഹൃത്തുക്കളും അവര്‍ നേതൃത്വം നല്‍കുന്ന സംഘടനകളും മേരിയമ്മക്ക് തല ചായ്ക്കാനൊരിടം ഉണ്ടാക്കുന്ന തിരക്കിലാണ്. സുമനസുകളുടെ കൂടി സഹായം ഉണ്ടെങ്കിലേ അത് പൂര്‍ണ്ണമാകുകയുള്ളുവെന്നു ഫൈറ്റ് ഫോര്‍ ലൈഫ് എന്ന സംഘടനയുടെ ചുമതലകൂടി വഹിക്കുന്ന ശ്രീജിത്ത് പറയുന്നു.
മേരിയമ്മയുടെയും, മകളുടെയും സ്വപ്നങ്ങള്‍ തങ്ങളുടെ കൂടി സ്വപനമാണ് എന്ന് ദൃഢനിശ്ചയം ഫൈറ്റ് ഫോര്‍ ലൈഫ് എന്ന സംഘടനയുടെയും ശ്രീജിത്ത് നേതൃത്വം നല്‍കുന്ന സാമൂഹ്യ പ്രവര്‍ത്തനങ്ങളുടെയും പ്രഥമ ലക്ഷ്യമാണ് ഇപ്പോള്‍. മേരിയമ്മക്കും മകള്‍ക്കും തലചായ്ക്കാനൊരിടം ഉയരുന്നതുവരെ ഇവര്‍ക്കിനി വിശ്രമമില്ല…