ബിജെപി ഒഫീസ് ആക്രമിച്ച സംഭവം; കൗണ്‍സിലര്‍ ഐപി ബിനുവും എസ്എഫ് ഐ നേതാവുമുള്‍പ്പെടെ നാലു പേര്‍ കസ്റ്റഡിയില്‍

തിരുവനന്തപുരത്ത് ബി.ജെ.പിയുടെ സംസ്ഥാന കമ്മിറ്റി ഓഫിസ് ആക്രമിച്ച കേസില്‍ സി.പി.എം. കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ഐ.പി. ബിനു ഉള്‍പ്പെടെ നാലു പേര്‍ പോലീസ് കസ്റ്റഡിയില്‍. എസ്.എഫ്.ഐ. നേതാവ് പ്രതിന്‍ സാജ് കൃഷ്ണയും പിടിയിലായവരില്‍ ഉള്‍പ്പെടും.

യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് സെന്ററിനുസമീപത്തുനിന്നാണ് ഇവരെ പിടികൂടിയത്. ആക്രമണവുമായി ബന്ധപ്പെട്ട് ഐ.പി. ബിനു ഉള്‍പ്പെടെയുള്ള സിപിഎമ്മുകാരെ പാര്‍ട്ടി നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

അതേസമയം, കേരളത്തിലെ ക്രമസമാധാന നില തകര്‍ക്കാന്‍ ആര്‍.എസ്.എസ്. ബോധപൂര്‍വം ശ്രമിക്കുന്നതായി സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. ആര്‍എസ്എസ്സുകാര്‍ കേരളത്തില്‍ ആസൂത്രിതമായി അക്രമം അഴിച്ചുവിടുകയാണെന്ന് അദ്ദേഹം ആരോപിച്ചു. തിരുവനന്തപുരത്ത് രണ്ടുദിവസമായി നടക്കുന്ന സി.പി.എം-ബി.ജെ.പി. സംഘര്‍ഷത്തെക്കുറിച്ച് മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.