നവയുഗം അല്‍ഹസ്സ ശോഭ യൂണിറ്റ് ഭാരവാഹിയായ ജെയിംസ് ജോസഫ് അന്തരിച്ചു

അല്‍ ഹസ്സ: നവയുഗം സാംസ്‌കാരികവേദി അല്‍ഹസ്സ ശോഭ യൂണിറ്റ് എക്‌സിക്യൂട്ടീവ് അംഗമായ ജെയിംസ് ജോസഫ് ഹൃദയസ്തംഭനം മൂലം മരണമടഞ്ഞു.

വെള്ളിയാഴ്ച രാവിലെ താമസസ്ഥലത്ത് നെഞ്ചു വേദനയുണ്ടായി കുഴഞ്ഞു വീണതിനെത്തുടര്‍ന്ന് സുഹൃത്തുക്കള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും, ജീവന്‍ രക്ഷിയ്ക്കാനായില്ല.

24 വര്‍ഷമായി അല്‍ഹസ്സ ശോഭയില്‍ ഒരു ലാന്‍ട്രിയില്‍ ഇലക്ട്രീഷനായി ജോലി നോക്കി വരുന്ന ജെയിംസ് ജോസഫ്, കോട്ടയം പൊന്‍കുന്നം മുട്ടത്തുപാറ സ്വദേശിയാണ്. 56 വയസ്സായിരുന്നു പ്രായം. അവിവാഹിതനാണ്.

മൃതദേഹം അല്‍ഹസ്സ കിംങ്ങ് ഫഹദ് ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുകയാണ്. നവയുഗം ജീവകാരുണ്യപ്രവര്‍ത്തകരായ ഉണ്ണി ഓച്ചിറ, അബ്ദുള്‍ലത്തീഫ് മൈനാഗപ്പള്ളി എന്നിവരുടെ നേതൃത്വത്തില്‍ മൃതദേഹം നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്നു. അല്‍ഹസ്സയില്‍ തന്നെയുള്ള ജയിംസിന്റെ സഹോദരന്‍ സാബു, സഹോദരിമാരുടെ ഭര്‍ത്താക്കന്‍മാരായ ചെറിയാന്‍, ജോസഫ് എന്നിവരും സഹായത്തിനുണ്ട്.

നവയുഗം പ്രവര്‍ത്തനങ്ങളിലൂടെ അല്‍ഹസ്സയിലെ സാമൂഹ്യസാംസ്‌കാരികമേഖലയില്‍ ഏറെ ശ്രദ്ധേയനായ ജെയിംസ് ജോസഫിനെ ആകസ്മിക നിര്യാണത്തില്‍, നവയുഗം കേന്ദ്രകമ്മിറ്റി അഗാധമായ ദുഃഖം രേഖപ്പെടുത്തി.