രാജവെമ്പാലയെ ടിന്നില്‍ അടച്ച് മെയില്‍ ചെയ്ത ഫ്രാങ്കോ അറസ്റ്റില്‍

പി.പി. ചെറിയാന്‍

ലൊസാഞ്ചല്‍സ്: രണ്ടടി നീളമുള്ള മൂന്ന് രാജവെമ്പാലകളെ പൊട്ടെറ്റൊ ചിപ്പിന്റെ കാനിലടച്ചു ഹോങ്ങ്‌കോങ്ങില്‍ നിന്നും കലിഫോര്‍ണിയായിലുള്ള വീട്ടിലേക്ക് മെയ്ല്‍ ചെയ്ത റോഡ്രിഗൊ ഫ്രാങ്കോയെ ഫെഡറല്‍ അധികൃതര്‍ അറസ്റ്റ് ചെയ്തു.

ഹോങ്ങ്‌കോങ്ങില്‍ നിന്നും മെയ്ല്‍ ചെയ്ത ടിന്നുകള്‍ കസ്റ്റംസ് ആന്റ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ ഏജന്റുമാരാണ് പരിശോധിച്ചത്.മൂന്ന് ജീവനുള്ള രാജവെമ്പാലകള്‍ക്ക് പുറമേ ചെറിയ മൂന്ന് ആമകളേയും മറ്റൊരു പാക്കേജില്‍ നിന്നും പിടിച്ചെടുത്തു. ആമകളെ കലിഫോര്‍ണിയയിലുള്ള ഫ്രാങ്കോയുടെ വീട്ടില്‍ ഡെലിവറി ചെയ്തു. ഫ്രാങ്കോയുടെ കലിഫോര്‍ണിയ വീട്ടില്‍ ഫെഡറല്‍ ഏജന്റ്‌സ് നടത്തിയ പരിശോധനയില്‍ ചെറിയ ചീങ്കണി, ആമ തുടങ്ങിയ നിരവധി ഇഴജന്തുക്കളെ കണ്ടെടുത്തു.

അമേരിക്കന്‍ നിയമമനുസരിച്ചു ഇവയെല്ലാം സുരക്ഷിതമായിരിക്കേണ്ടതാണ്.ഈ സംഭവത്തിനു മുമ്പ് 21 രാജവെമ്പാലകളെ ഇതുപോലെ അയച്ചിരുന്നുവെന്നും എന്നാല്‍ ഒന്നും പോലും ജീവനോടെ ലഭിച്ചില്ലെന്നും പൊലീസിന്റെ ചോദ്യം ചെയ്യലില്‍ ഫ്രാങ്കോ വെളിപ്പെടുത്തി. അറസ്റ്റ് ചെയ്ത ഫ്രാങ്കോയെ ഇന്നലെ (ചൊവ്വാഴ്ച) കോടതിയില്‍ ഹാജരാക്കി. കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ 20 വര്‍ഷം വരെ ശിക്ഷ ലഭിക്കും.