പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് രാജിവച്ചു
പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് രാജിവച്ചു. പനാമ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട കേസില്‍ ഷെരീഫ് കുറ്റക്കാരനാണെന്ന് പാക് സുപ്രീം കോടതി കണ്ടെത്തിയതിന് തൊട്ടുപിന്നാലെയാണ് രാജി.
തൊണ്ണൂറുകളില്‍ പ്രധാനമന്ത്രിയായിരിക്കെ ഷെരീഫും കുടുംബാംഗങ്ങളും വിദേശത്ത് അനധികൃതമായി സമ്പാദിച്ച സ്വത്തുവിവരങ്ങളാണ് പാനമരേഖകളിലൂടെ പുറത്തുവന്നത്. മൊസാക് ഫൊന്‍സെക എന്ന സ്ഥാപനം വഴി ഷരീഫിന്റെ മക്കളായ മറിയം, ഹസന്, ഹുസൈന് എന്നിവര്‍ ലണ്ടനില്‍ വസ്തുവകകള്‍ വാങ്ങിയെന്നാണ് ആരോപണം.
ഷെരീഫ് കുറ്റക്കാരനാണെന്നു കണ്ടെത്തിയതിനെത്തുടര്‍ന്ന് പാകിസ്താന് ഉപതിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കേണ്ടിവരും. സൈനിക നേതൃത്വം ഈ അവസരം ഉപയോഗപ്പെടുത്തി സ്വാധീനം ഉറപ്പിക്കുമോ എന്ന ആശങ്കയുമുണ്ട്. പാക് സുപ്രീം കോടതിയിലെ അഞ്ചംഗ ബഞ്ച് ഐക്യകണ്ഠമായാണ് ഷെരീഫിനെതിരായ വിധി പ്രസ്താവിച്ചത്.
വിധി മാനിച്ച് ഷെരീഫ് പ്രധാനമന്ത്രി പദം ഒഴിയുന്നതായി തൊട്ടുപിന്നാലെ അദ്ദേഹത്തിന്റെ ഓഫീസ് പ്രസ്താവനയില്‍ അറിയിച്ചു. സത്യസന്ധനായ പാര്‍ലമെന്റ് അംഗമായി തുടരാന്‍ നവാസ് ഷെരീഫിന് യോഗ്യതയില്ലെന്ന് സുപ്രീം കോടതി ജഡ്ജി ഇജാസ് അഫ്സല് ഖാന് വിധിന്യായത്തില്‍ വ്യക്തമാക്കിയതായി റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.