പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫിനെ സുപ്രീംകോടതി അയോഗ്യനാക്കി; പാക്ക് രാഷ്ട്രീയത്തില്‍ പ്രതിസന്ധി രൂക്ഷം

അനധികൃതമായി സ്വത്തുക്കള്‍ സമ്പാദിച്ചെന്ന കേസില്‍ പാക് പ്രധാനമന്ത്രി നവാസ് ഷരീഫിനെ സുപ്രീം കോടതി അയോഗ്യനാക്കി. പാനമ അഴിമതിക്കേസില്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

ഷരീഫും കുടുംബവും അനധികൃതമായി സ്വത്തുസമ്പാദിച്ചെന്ന കണ്ടെത്തല്‍ കോടതി ശരിവച്ചു. ജസ്റ്റിസ് ഇജാസ് അഫ്‌സല്‍ ഖാന്‍ അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്.

തൊണ്ണൂറുകളില്‍ പ്രധാനമന്ത്രിയായിരിക്കേ ഷരീഫ് നടത്തിയ അഴിമതികളെക്കുറിച്ചുള്ള വിവരങ്ങളാണു പാനമ രേഖകളിലൂടെ പുറത്തുവന്നത്. കള്ളപ്പണ ഇടപാട് നടത്തിയില്ലെന്നു പ്രധാനമന്ത്രി രാജ്യത്തെ തെറ്റിദ്ധരിപ്പിച്ചെന്ന പരാതിയിലാണു വിധി.

ഷെരീഫിനെതിരെ കേസെടുക്കണമെന്നും പ്രധാനമന്ത്രി സ്ഥാനത്തുനിന്നു അയോഗ്യനാക്കണമെന്നും ആവശ്യപ്പെട്ട് മുന്‍ ക്രിക്കറ്റ് താരവും പാകിസ്ഥാന്‍ തെഹ്‌രീക് ഇ ഇന്‍സാഫ് നേതാവുമായ ഇമ്രാന്‍ ഖാനാണു പരാതി നല്‍കിയത്.