പി.യു ചിത്രയെ ലോകചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുപ്പിക്കണമെന്ന് ഹൈകോടതി

കൊച്ചി: മലയാളി താരം പി.യു.ചിത്രയെയും ലോക അത്ലറ്റിക്ക് ചാമ്പിയന്‍ഷിപ്പിനുള്ള ടീമില്‍ ഉള്‍പ്പെടുത്താന്‍ ഹൈക്കോടതി ഉത്തരവ്. യോഗ്യത നേടിയിട്ടും സാധ്യതാപട്ടികയില്‍നിന്ന് ഒഴിവാക്കിയ നടപടിക്കെതിരേ ചിത്ര നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിര്‍ണായക ഇടപെടല്‍.

അതേസമയം ഇക്കാര്യത്തില്‍ തിങ്കളാഴ്ച വിശദമായ വാദം കേള്‍ക്കും. ചിത്രയുടെ മത്സര ഇനമായ 1500 മീറ്ററില്‍ ചിത്രയുടെ പങ്കാളിത്തം ഉറപ്പുവരുത്തേണ്ടത് കേന്ദ്ര സര്‍ക്കാരിന്റെയും അത്ലറ്റിക്ക് ഫെഡറേഷന്റെയും ഉത്തരവാദിത്തമാണെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു.

എന്നാല്‍ ഹൈക്കോടതി പുതിയ ഉത്തരവിട്ടെങ്കിലും അടുത്തമാസം ആദ്യം ലണ്ടനില്‍ തുടങ്ങുന്ന ലോകചാമ്പിയന്‍ന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിനുള്ള ഇന്ത്യന്‍ ടീം കഴിഞ്ഞദിവസം ന്യൂഡല്‍ഹിയില്‍ നിന്ന് ഇതിനോടകം പുറപ്പെട്ടു കഴിഞ്ഞു. ഇന്ത്യന്‍ ടീമിന്റെ അന്തിമ പട്ടികയും അത്ലറ്റിക്ക് ഫെഡറേഷനു കൈമാറിയതായിട്ടാണ് ഉത്തരവ്. ഏഷ്യന്‍ ചാന്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്നവരെല്ലാം ലോക മീറ്റില്‍ പങ്കെടുക്കുമെന്ന് എഎഫ്‌ഐ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഈ വാക്ക് തെറ്റിച്ചാണ് ചിത്രയെ പട്ടികയില്‍നിന്ന് പുറത്താക്കിയത്.

ഈ സാഹചര്യത്തില്‍ ചിത്രയെ ടീമില്‍ ഉള്‍പ്പെടുത്താനുള്ള സാധ്യത വിരളമാണ്. അതേസമയം ഇരുപതിന് തയാറാക്കിയ ടീം പട്ടിക പുറത്ത് വിട്ടത് 23ന് രാത്രി എട്ടിനായിരുന്നു. എന്തുകൊണ്ടാണ് ഇത്രയും താമസിച്ചതെന്ന ചോദ്യത്തിന് അത്ലറ്റിക്ക് ഫെഡറേഷന്‍ വ്യക്തമായ ഉത്തരം ഇതേവരെ നല്‍കിയിട്ടുമില്ല.

14 ഇനങ്ങളിലായി 24 അംഗ ടീമാണ് ലണ്ടനില്‍ നടക്കുന്ന ചാന്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. എന്നാല്‍ ഏഷ്യന്‍ ചാന്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയ മൂന്നു പേരില്ല. ചിത്രയ്‌ക്കൊപ്പം സുധാ സിംഗും അജയ്കുമാര്‍ സരോജുമാണ് പട്ടികയില്‍നിന്നു പുറത്തായത്. അന്താരാഷ്ട്ര അത്‌ലറ്റിക് ഫെഡറേഷന്റെ യോഗ്യതാ മാര്‍ക്ക് കണ്ടെത്തിയവര്‍ക്കും അതാതു മേഖലകളിലെ ചാന്പ്യന്‍ഷിപ്പുകളിലെ സ്വര്‍ണ വിജയികള്‍ക്കുമാണ് ലോക മീറ്റില്‍ മത്സരിക്കാനുള്ള അവസരമുള്ളത്.