സാക്കിര്‍ നായികിനെ കുറ്റവാളിയായി പ്രഖ്യാപിച്ചു: നടപടി വസ്തുവകകള്‍ കണ്ടുകെട്ടുന്നതിന്റെ ഭാഗം
ന്യൂഡല്‍ഹി: വിവാദ മതപ്രഭാഷകന്‍ സാക്കിര്‍ നായികിന്റെ ഉടമസ്ഥതയിലുള്ള വസ്തുവകകള്‍ കണ്ടുകെട്ടുന്നതിന്റെ ഭാഗമായി അദ്ദേഹത്തെ കുറ്റവാളിയായി പ്രഖ്യാപിച്ചു. ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ആണ് വിവരം അറിയിച്ചത്. കള്ളപ്പണം വെളുപ്പിക്കല്‍, ഭീകരര്‍ക്കു സഹായം നല്‍കല്‍ എന്നീ കേസുകളിലാണ് സാക്കിര്‍ നായിക്കിനെതിരേ ഇപ്പോള്‍ എന്‍ഐഎ അന്വേഷണം നടക്കുന്നത്.
മുംബൈയിലെ ഒരു പ്രത്യേക കോടതിയാണ് ഇതു സംബന്ധിച്ചു പ്രഖ്യാപനം നടത്തിയത്. ഇതിനുശേഷം സിആര്‍പിസി സെക്ഷന്‍ 83 പ്രകാരം സാക്കിര്‍ നായിക്കിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ നടപടികള്‍ ആരംഭിച്ചതായി എന്‍ഐഎ അറിയിച്ചു.
കഴിഞ്ഞ വര്‍ഷം ജൂലൈ ഒന്നിന് ഇന്ത്യയില്‍നിന്നു രക്ഷപ്പെട്ട സാക്കിര്‍ നായിക്കിനെതിരേ മറ്റുകേസുകളിലും അന്വേഷണം നടക്കുന്നുണ്ട്. ഇയാള്‍ ഇപ്പോള്‍ സൗദി അറേബ്യയില്‍ ഉണ്ടെന്നാണ് കരുതപ്പെടുന്നത്. ഇയാള്‍ക്ക് സൗദി പൗരത്വമുള്ളതായും വിവരമുണ്ട്.