കമല്‍ഹാസന്റെ മകള്‍ മതംമാറി? ആദ്യ സിനിമ എത്തുംമുമ്പേ തന്നെ അക്ഷര സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞു

ഉലകനായകന്‍ കമല്‍ഹാസന്റെ ഇളയ മകള്‍ അക്ഷര കോളിവുഡില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ്. അജിത്ത് നായകനാകുന്ന വിവേകം എന്ന സിനിമയിലൂടെയാണ് അക്ഷര സിനിമയിലെത്തുന്നത്. എന്നാല്‍ കോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്ന അക്ഷരയുടെ സിനിമാ വിശേഷങ്ങളല്ല ചര്‍ച്ചാവിഷയം. അക്ഷര മതം മാറിയെന്ന വാര്‍ത്തയാണ്.

‘അക്ഷര മതം മാറി, പക്ഷെ കമല്‍ പോലും അറിഞ്ഞില്ല. നിരീശ്വരവാദിയായ കമലിന് എന്താണ് പറയാനുള്ളത്’എന്ന തരത്തിലാണ് ട്വിറ്ററിലെ പ്രചരണങ്ങള്‍. സമൂഹമാധ്യമങ്ങളില്‍ ഇത്രയൊക്കെ ചര്‍ച്ചയായെങ്കിലും മകള്‍ മതം മാറിയതിനെക്കുറിച്ച് കമലിന് പറയാനുള്ളത് ഒരു ട്വീറ്റിലൂടെ മകളോട് പറഞ്ഞു.

‘നീ മതം മാറിയതായി ഞാന്‍ അറിഞ്ഞു. എന്നാലും എനിക്ക് നിന്നോട് വലിയ സ്നേഹമാണ്. സ്‌നേഹത്തിന് പരിധികളില്ല, പക്ഷെ മതം അങ്ങനെയല്ല. ജീവിതം ആസ്വദിക്കൂ’. ഇതായിരുന്നു കമലിന്റെ ട്വീറ്റ്.

അച്ഛന്റെ ട്വീറ്റിന് അക്ഷര മറുപടി നല്‍കി, ‘ഇല്ല, ഞാന്‍ മതം മാറിയിട്ടില്ല. ഇപ്പോഴും നിരീശ്വരവാദി തന്നെ. പക്ഷെ ബുദ്ധമതം എന്നെ ആകര്‍ഷിക്കുന്നു. അതൊരു ജീവിത രീതിയാണ്. സ്‌നേഹത്തോടെ അക്ഷര’.

ബുദ്ധമതം സ്വീകരിച്ചുവെന്നും ബുദ്ധന്റെ സിദ്ധാന്തങ്ങള്‍ തന്നെ ഒരുപാട് ആകര്‍ഷിച്ചുവെന്നും അക്ഷര തന്റെ സിനിമയുടെ പ്രചാരണ പരിപാടിക്കിടെ പറഞ്ഞിരുന്നു. ഇതാണ് സോഷ്യല്‍മീഡിയ ഏറ്റുപിടിച്ചത്.