അത്‌ലറ്റിക്ക് ഫെഡറേഷനെ തിരുത്തണമെന്ന് കേന്ദ്ര കായികമന്ത്രിയോട് മുഖ്യമന്ത്രി പിണറായി വിജയന്‍
അത്‌ലറ്റിക്ക് ഫെഡറേഷനെ തിരുത്തണമെന്നും കേന്ദ്രകായിക മന്ത്രി വിഷയത്തില്‍ ഇടപെടണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. വൈല്‍ഡ് കാര്‍ഡ് എന്‍ട്രി എന്ന സംവിധാനം ഉപയോഗിച്ച് ചിത്രയ്ക്ക് അവസരം നല്‍കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അത്‌ലറ്റിക്ക് ഫെഡറേഷന്‍ ഇതിനായി നടപടി എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
ചിത്രയെ ഉള്‍പ്പെടുത്താനാകില്ലെന്ന് അത്‌ലറ്റിക്ക് ഫെഡറേഷന്‍ ഹൈക്കോടതിയെ അറിയിക്കുമെന്ന് ഇന്ന് വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് പി.യു ചിത്രയ്ക്കായി സംസ്ഥാന സര്‍ക്കാര്‍ വീണ്ടും രംഗത്തെത്തിയത്.
കോടതി വിധി പറഞ്ഞത് തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ്. ലണ്ടന്‍ യാത്രയ്ക്കുളള ടീമില്‍ ഉള്‍പ്പെടുത്താനുളള സമയപരിധി അവസാനിച്ചെന്ന് തിങ്കളാഴ്ച ഹൈക്കോടതിയെ അറിയിക്കുമെന്നും അത്‌ലറ്റിക്ക് ഫെഡറേഷന്‍ പ്രസിഡന്റ് പറഞ്ഞു. കോടതിവിധിയുടെ പകര്‍പ്പ് ലഭിച്ചത് അവസാന നിമിഷമാണ്. ചില കാര്യങ്ങളില്‍ അവ്യക്തതയുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി പിണറായി വിജയനും ഭരണപരിഷ്‌കരണ കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദനും ചിത്രക്കായി ഇടപെട്ടത്.
ഹൈക്കോടതി വിധിക്കെതിരെ അത്‌ലറ്റിക്ക് അസോസിയേഷന്‍ അപ്പീല്‍ നല്‍കുന്നതില്‍ നിന്നും പിന്മാറണമെന്ന് വിഎസ് ആവശ്യപ്പെട്ടിരുന്നു. ചിത്രയെ പങ്കെടുപ്പിക്കാന്‍ അടിയന്തര നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര കായികമന്ത്രിക്കും എഎഫ്ഐ പ്രസിഡന്റിനും അയച്ച ഇമെയിലിലാണ് വിഎസ് ഇക്കാര്യം ആവശ്യപ്പെട്ടത്.