550 ഡിക്ലയര്‍: ലങ്കയ്ക്കു മുന്നില്‍ റണ്‍മല തീര്‍ത്ത് ഇന്ത്യ, ഈ വേദിയില്‍ നാലാം ഇന്നിങ്‌സില്‍ പിന്തുടര്‍ന്ന് ജയിച്ചിട്ടുള്ള ഉയര്‍ന്ന സ്‌കോര്‍ 99 മാത്രം
ഇന്ത്യ-ശ്രീലങ്ക ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ആതിഥേയരായ ശ്രീലങ്കയ്ക്ക് 550 റണ്‍സ് വിജയലക്ഷ്യം. മൂന്നിന് 189 റണ്‍സ് എന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യ, 240 റണ്‍സില്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു.
ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി 17ാം സെഞ്ചുറി പൂര്‍ത്തിയാക്കിയതിനു പിന്നാലെയാണ് ഇന്ത്യ ഇന്നിങ്‌സ് അവസാനിപ്പിച്ചത്. ഈ വേദിയില്‍ നാലാം ഇന്നിങ്‌സില്‍ ഒരു ടീം പിന്തുടര്‍ന്ന് ജയിച്ചിട്ടുള്ള ഉയര്‍ന്ന സ്‌കോര്‍ 99 മാത്രമാണ്.
136 പന്തില്‍ അഞ്ചു ബൗണ്ടറിയും ഒരു സിക്‌സും ഉള്‍പ്പെടെ 103 റണ്‍സെടുത്ത കോഹ്!ലിയും 18 പന്തില്‍ രണ്ടു ബൗണ്ടറിയുള്‍പ്പെടെ 23 റണ്‍സെടുത്ത ഉപനായകന്‍ അജിങ്ക്യ രഹാനെയും പുറത്താകാതെ നിന്നു. ഇരുവരും ചേര്‍ന്നുള്ള നാലാം വിക്കറ്റ് കൂട്ടുകെട്ട് 51 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
നേരത്തെ, 309 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് നേടിയിട്ടും ശ്രീലങ്കയെ ഫോളോഓണ്‍ ചെയ്യിക്കാതെ രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച ഇന്ത്യ, മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സ് എന്ന നിലയിലായിരുന്നു. മൂന്നാം വിക്കറ്റില്‍ 133 റണ്‍സ് കൂട്ടിച്ചേര്‍ത്ത അഭിനവ് മുകുന്ദ് വിരാട് കോഹ്‌ലി സഖ്യമാണ് മൂന്നാം ദിവസത്തെ കളി ഇന്ത്യയ്ക്ക് അനുകൂലമായത്.
116 പന്തില്‍ എട്ടു ബൗണ്ടറികള്‍ ഉള്‍പ്പെടെ 81 റണ്‍സെടുത്ത മുകുന്ദ് ഗുണതിലകയ്ക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങിയതോടെ, അംപയര്‍മാര്‍ മൂന്നാം ദിനത്തിലെ കളി അവസാനിപ്പിച്ചു. ഇന്നിങ്‌സിലെ സെഞ്ചുറി വീരന്‍മാരായ ശിഖര്‍ ധവാന്‍ (14 പന്തില്‍ 14), ചേതേശ്വര്‍ പൂജാര (35 പന്തില്‍ 15) എന്നിവരാണ് മൂന്നാം ദിനം പുറത്തായ ഇന്ത്യന്‍ താരങ്ങള്‍. ദില്‍റുവാന്‍ പെരേര, ലഹിരു കുമാര എന്നിവര്‍ക്കാണ് വിക്കറ്റ്.