വിചിത്രം: പിയു ചിത്രയ്ക്ക് നീതി നിഷേധിക്കുന്നു, നിഷേധാത്മക നിലപാടുമായി അത്ലറ്റിക് ഫെഡറേഷന്
പി.യു. ചിത്രയെ ലോക ചാംപ്യന്‍ഷിപ്പില്‍ പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതിയും, ഉത്തരവ് നടപ്പാക്കണമെന്ന് കേന്ദ്ര കായിക മന്ത്രാലയവും ആവശ്യപ്പെട്ടെങ്കിലും നിഷേധാത്മക നിലപാടാണ് അത്ലറ്റിക് ഫെഡറേഷന്. തങ്ങളുടെ വാദം കേള്‍ക്കാതെയാണ് ഹൈക്കോടതി ചിത്രയ്ക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചതെന്ന് അത്ലറ്റിക് ഫെഡറേഷന് പ്രസിഡന്റ് വ്യക്തമാക്കി.
സമയ പരിധി കഴിഞ്ഞ സാഹചര്യത്തില്‍ ചിത്രയെ ടീമില്‍ ഉള്‍പ്പെടുത്താന്‍ നിര്‍വാഹമില്ലെന്നും ഫെഡറേഷന് പ്രസിഡന്റ് അറിയിച്ചു. ഇതേക്കുറിച്ച് തിങ്കളാഴ്ച ഹൈക്കോടതിയില്‍ വിശദീകരണം നല്‍കും.
അതേസമയം, മികവുറ്റ ഒരു അത്ലീറ്റിനെ ടീമില്‍നിന്ന് ഒഴിവാക്കാന്‍ അഖിലേന്ത്യാ ഫെഡറേഷന് നടത്തിയ ഗൂഢാലോചനയാണ് ഇതിലൂടെ വെളിപ്പെടുന്നത്. ഫെഡറേഷന്റെ നിലപാട് അപലപനീയമാണ്. കളത്തിനു പുറത്തുള്ള കാരണങ്ങളാണ് ചിത്രയെ ഒഴിവാക്കുന്നതിലേക്ക് നയിച്ചതെന്നാണ് മനസിലാകുന്നതെന്നും കായിക മന്ത്രി എ.സി. മൊയ്തീന് പറഞ്ഞു.
അതിനിടെ, ചിത്രയുടെ കാര്യത്തില്‍ ഇടപെടാനാവില്ലെന്ന് ഏഷ്യന്‍ അത്ലറ്റിക്ക് അസോസിയേഷന് വ്യക്തമാക്കി. ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് ഇന്ത്യന്‍ അത്ലറ്റിക് ഫെഡറേഷനാണെന്നു ചൂണ്ടിക്കാട്ടിയാണിത്.
ഹൈക്കോടതി വിധി അത്ലറ്റിക് ഫെഡറേഷനും കേന്ദ്രസര്‍ക്കാരിനും ഒരുപോലെ തിരിച്ചടിയാണെങ്കിലും ചിത്രയെ ടീമിലുള്‍പ്പെടുത്താന്‍ ഇനി ഒരുവഴിയുമില്ലെന്നാണ് ഫെഡറേഷന്റെ നിലപാട്.
ഹൈക്കോടതി വിധിക്കെതിരെ തിങ്കളാഴ്ച അത്ലറ്റിക് ഫെഡറേഷന് സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കും. ലോക ചാംപ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ എന്‍ട്രി സമര്‍പ്പിക്കേണ്ട അവസാന തീയതി ഈ മാസം 24 ആയിരുന്നു.