ശ്രീകാര്യത്ത് ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു; സംസ്ഥാനത്ത് ഹര്‍ത്താല്‍

തിരുവനന്തപുരം: ശ്രീകാര്യം കരിമ്പുക്കോണത്ത് വെട്ടേറ്റ ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ മരിച്ചു. ആര്‍.എസ്.എസ്. ശാഖാ കാര്യ വാഹക് കല്ലമ്പള്ളി വിനായക നഗറില്‍ കുന്നി ല്‍ വീട്ടി ല്‍ രാജേഷ് (34) ആണ് അക്രമികളുടെ വെട്ടേറ്റ് മരിച്ചത് .ഗുരുതര പരികേറ്റ യുവാവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

കൊലപാതകത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി ഞായറാഴ്ച സംസ്ഥാന ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താലെന്ന് സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ അറിയിച്ചു.

15 അംഗസംഘമാണ് ആക്രമണം നടത്തിയതെന്നാണ് സൂചന. ശനിയാഴ്ച രാത്രിയില്‍ ശാഖ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെയാണ് സംഭവം. കടയില്‍ കയറി പാല്‍ വാങ്ങവെ പിന്തുടര്‍ന്നെത്തിയവര്‍ ആക്രമിക്കുകയായിരുന്നു. ദേഹമാസകലം വെട്ടേറ്റ് ഗുരുതരാവസ്ഥയില്‍ റോഡില്‍ കിടന്ന രാജേഷിനെ നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ ശ്രീകാര്യം പോലീസാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്. അവിടെ നിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രാത്രി പത്തരയോടെ മരിച്ചു.

അക്രമികളില്‍ പ്രദേശവാസികളായ ചിലരെ തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു. നിരവധി കേസുകളില്‍ പ്രതിയായ ആളുടെ നേതൃത്വത്തിലാണ് ആക്രമണം നടന്നതെന്നും സൂചനയുണ്ട്. ആക്രമണത്തിന് പിന്നില്‍ സി.പി.എം ആണെന്ന് ബി.ജെ.പി ആരോപിച്ചു. പ്രദേശത്ത് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് അസി. കമ്മീഷണര്‍ പ്രമോദ്കുമാറിന്റെ നേതൃത്വത്തിലുള്ള വന്‍ പൊലീസ് സംഘം ക്യാമ്പ് ചെയ്യുകയാണ്.