പോലീസിലെ സെക്യൂരിറ്റി ചുമതലയിലുള്ളവര്‍ ഒരു വിഐപിയുടെ ജീവന്‍ പോലും രക്ഷിച്ച ചരിത്രമില്ലെന്ന് തച്ചങ്കരി; സെന്‍കുമാറിന് പരോക്ഷ വിമര്‍ശനം
പോലീസിലെ സെക്യൂരിറ്റി ചുമതലയിലുള്ളവര്‍ ഒരു വി.ഐ.പിയുടെ ജീവന്‍ പോലും രക്ഷിച്ച ചരിത്രമില്ലെന്ന് എ.ഡി.ജി.പി. ടോമിന്‍ ജെ. തച്ചങ്കരി. മുന്‍ പൊലീസ് മേധാവി സെന്‍കുമാറിന്റെ സുരക്ഷ പിന്‍വലിക്കാന്‍ നീക്കം നടക്കുന്നതിനിടെയാണ് തച്ചങ്കരിയുടെ പരാമര്‍ശം.
സുരക്ഷാച്ചുമതലയുള്ളവര്‍ ഓടിയ സംഭവങ്ങളാണുള്ളതെന്നും മുമ്പ് കണ്ണൂരില്‍ ഇങ്ങനെ സംഭവിച്ചിട്ടുണ്ടെന്നും തച്ചങ്കരി പറഞ്ഞു. പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സെക്യൂരിറ്റി ഡ്യൂട്ടിക്കായി പോയിരിക്കുന്നത് 6000 പോലീസുകാരാണ്. കേരള ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് സുരക്ഷ ആവശ്യപ്പെടുന്നവര്‍ക്കു പണം ഈടാക്കികൊണ്ട് പോലീസിനെ നല്‍കുന്നുണ്ട്.
ഇപ്രകാരം ഒരു പോലീസുകാരന് 80,000 മുതല്‍ ഒന്നരലക്ഷം രൂപ വരെയുള്ള നിരക്കിലാണ് ഇവരെ അനുവദിക്കുന്നത്. ഈ സാഹചര്യത്തില്‍ സെക്യൂരിറ്റി ഡ്യൂട്ടിക്കുപോയ 6,000 പേര്‍ക്ക് ശരാശരി ഒരുലക്ഷം ശമ്പളമെന്ന നിലയില്‍ കോടികളാണ് നഷ്ടപ്പെടുത്തുന്നത്.
തന്റെ ഡ്യൂട്ടിയുടെ ഭാഗമായി മാത്രം ഒരു മാസം 11 സ്റ്റാഫുകള്‍ക്കായി 11 ലക്ഷം രൂപയാണ് ചെലവാകുന്നത്. ഫലത്തില്‍ ജോലി ചെയ്യുന്ന പോലീസുകാരാണ് ബുദ്ധിമുട്ടനുഭവിക്കുന്നത്. 56,000 പോലീസുകാര്‍ ഉള്ളിടത്ത് രാത്രി ഡ്യൂട്ടിയിലുണ്ടാവുന്നത് ആയിരം പോലീസുകാര്‍ മാത്രമാണ്. പരിഹാരം എണ്ണം കൂട്ടലല്ല. പോലീസിനെ വേണ്ട വിധം ഉപയോഗിക്കുകയാണെന്നും തച്ചങ്കരി പറഞ്ഞു.