ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം: മണികണ്ഠന്‍ ഉള്‍പ്പെടെ മുഖ്യ പ്രതികള്‍ പിടിയില്‍
തിരുവനന്തപുരത്ത് ആര്‍.എസ്.എസ്. കാര്യവാഹക് വിനായകനഗര്‍ കുന്നില്‍വീട്ടില്‍ രാജേഷി (34)നെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതികളെല്ലാം പിടിയില്‍. മണികണ്ഠന്‍ ഉള്‍പ്പെടെ നാലുപേരെ ഡി.വൈ.എസ്.പി. പ്രമോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പിടികൂടിയത്.
ഇയാളെ കൂടാതെ ശ്രീകാര്യം കരുമ്പുകോണം സ്വദേശി പ്രമോദ്, ഗിരീഷ്, മഹേഷ് എന്നിവരാണ് പിടിയിലായത്. അക്രമവുമായി നേരിട്ട് ബന്ധമുള്ള ഇവരെ വിശദമായി ചോദ്യം ചെയ്യുകയാണ്. പ്രതികള്‍ സഞ്ചരിച്ചിരുന്ന ബൈക്കുകള്‍ കാട്ടാകടയ്ക്ക് സമീപത്തുനിന്നും കണ്ടെത്തി. പ്രതികള്‍ക്ക് വാഹനം സംഘടിപ്പിച്ചുനല്‍കിയവരെക്കുറിച്ചും അന്വേഷണം നടത്തുന്നുണ്ട്.
ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി 13 പേരെ ചോദ്യം ചെയ്യുന്നുണ്ട്. അതേസമയം, ശനിയാഴ്ച രാത്രി കൊല്ലപ്പെട്ട ആര്‍എസ്എസ് കാര്യവാഹ് രാജേഷിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി സ്വകാര്യ ആശുപത്രിയില്‍ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ഐ.ജി. മനോജ് എബ്രഹാമിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം ഉള്‍പ്പെടെയുള്ള നടപടികള്‍ പുരോഗമിക്കുന്നത്. ശനിയാഴ്ച രാത്രി ഒന്‍പത് മണിയോടെ ബൈക്കിലും ഓട്ടോയിലുമായി എത്തിയ സംഘം രാജേഷിന്റെ കൈ വെട്ടിമാറ്റുകയായിരുന്നു.
കാലിനും മറ്റുമായി പതിനഞ്ചോളം വെട്ടേറ്റ നിലയിലും രാജേഷിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു. പിന്നീട് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ചു സംസ്ഥാനത്ത് ഇന്നു ഹര്‍ത്താല്‍ ആചരിക്കുകയാണ്.