കൊലപാതകം സിപിഎമ്മില്‍ കെട്ടിവെച്ച് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനാണ് ബിജെപി ശ്രമിക്കുന്നത് – കോടിയേരി

ആര്‍.എസ്.എസ്. പ്രവര്‍ത്തകന്റെ കൊലപാതകം സി.പി.എമ്മിന്റെ മേലെ കെട്ടിവച്ച് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനാണ് ബി.ജെ.പിയുടെ ശ്രമമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

കുടുംബപ്രശ്‌നങ്ങളെത്തുടര്‍ന്നുണ്ടായ കൊലപാതകത്തെ രാഷ്ട്രീയവല്‍ക്കരിച്ച് നേട്ടമുണ്ടാക്കുകയാണ് ബി.ജെ.പി. ഇന്നത്തെ ഹര്‍ത്താലിനു പിന്നിലുള്ളതും രാഷ്ട്രീയ ഗൂഢലക്ഷ്യമാണെന്നും അദ്ദേഹം ആരോപിച്ചു.

ഹര്‍ത്താലിലൂടെ ക്രമസമാധാന പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനാണ് ബി.ജെ.പിയുടെ ശ്രമം. രാഷ്ട്രീയ അരാജകത്വം ഉണ്ടാക്കി സംസ്ഥാനത്ത് പ്രതിസന്ധി ഉണ്ടാക്കാനാണ് അവര്‍ നോക്കുന്നത്. പ്രാദേശികമായ വിഷയത്തെ പര്‍വ്വതീകരിച്ച് സംസ്ഥാന ഹര്‍ത്താലാക്കുന്ന അവസ്ഥ ഇതിനു മുമ്പുണ്ടായിട്ടില്ല.

ഏതുവിധത്തിലുള്ള ആക്രമണത്തിലെയും പ്രതികള്‍ക്ക് പാര്‍ട്ടി സംരക്ഷണം നല്‍കില്ല. ബി.ജെ.പി. ഓഫീസ് ആക്രമിച്ചതിലെ പ്രതികള്‍ക്കെതിരെ പാര്‍ട്ടി നടപടിയെടുത്തിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് ആരോപണവിധേയരായവരെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞു.

സി.പി.എമ്മിനെതിരെ ആക്രമണം നടത്തുന്നതിനെ ബി.ജെ.പി. പ്രോത്സാഹിപ്പിക്കുകയാണ്. സംസ്ഥാന സെക്രട്ടറിയുടെ വീടിനു നേരെയുണ്ടായ ആക്രമണത്തില്‍ അപലപിക്കാന്‍ പോലും അവര്‍ തയ്യാറായില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു.