കൊടുകുറ്റവാളികള്‍ പോലും ചെയ്യാത്ത ക്രൂരതയാണ് പൊലീസ് വിനായക് എന്ന 19കാരനോട് ചെയ്തത്; ചെയ്തത് കടത്തമെന്നു സേനയുടെ ഉള്ളില്‍ തന്നെ അഭിപ്രായം

തൃശൂര്‍: പൊലീസ് മര്‍ദനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത ഏങ്ങണ്ടിയൂര്‍ സ്വദേശി വിനായക് എന്ന 19കാരനോട് പൊലീസ്‌ചെയ്തത് കാടത്തമാണെന്ന് പൊലീസിലെ തന്നെ ഉദ്യോഗസ്ഥര്‍. മുലഞെട്ടുകള്‍ പിടിച്ചുടക്കുകയെന്ന പ്രാകൃത മര്‍ദന രീതി സമീപകാലത്തൊന്നും കൊടുംകുറ്റവാളികളോട് പോലും ചെയ്തിട്ടില്ലാത്തതാണ്. ഒരു പരാതി പോലുമില്ലാത്ത ഒരു കൗമാരക്കാരനോട് കാണിച്ച ക്രൂരത ഒരു തരത്തിലും ന്യായീകരിക്കാനാവില്ലെന്നും അത് ചെയ്തവരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് അഭിപ്രായമുള്ള ഓഫിസര്‍മാരടക്കം വലിയൊരു സംഘം പൊലീസിനകത്തുണ്ട്. സേനയെയും സര്‍ക്കാറിനെയും പ്രതിക്കൂട്ടിലാക്കിയ ഇവര്‍ക്കെതിരേ പരാതി കൊടുക്കാനുള്ള ഒരുക്കത്തിലാണ് ഇവര്‍.

വിനായകനെ പാവറട്ടി മാനിനക്കുന്നില്‍ നിന്നും പെണ്‍കുട്ടിയോടൊപ്പം സംസാരിച്ച് നില്‍ക്കുമ്പോള്‍ സംശയം തോന്നി പിടിച്ച് കൊണ്ടു വരികയായിരുന്നുവെന്നും അയാള്‍ സഞ്ചരിച്ച ബൈക്കിന് മതിയായ രേഖകള്‍ ഉണ്ടായിരുന്നില്ലെന്നും പറയുന്ന പൊലീസ് അച്ഛനെ വിളിച്ചു വരുത്തി വിട്ടയച്ചെന്നാണ് പറയുന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വിനായകന് ക്രൂരമര്‍ദനമേറ്റതായി വ്യക്തമാക്കിയിട്ടുണ്ട്.

മുന്‍ മന്ത്രി സി.എന്‍. ബാലകൃഷ്ണന്റെ ഗണ്‍മാനായിരുന്ന കോണ്‍ഗ്രസ് അനുകൂല പൊലീസ് അസോസിയേഷന്‍ നേതാവ് സി.പി.ഒ ശ്രീജിത്തും സാജനുമാണ് വിനായകനെ കസ്റ്റഡിയിലെടുത്തത്. വിനായകനെ മര്‍ദിച്ചത് ഇവര്‍ മാത്രമല്ലെന്ന് സേനാംഗങ്ങള്‍ തന്നെ സൂചിപ്പിക്കുന്നു. കൊടും ക്രിമിനലുകളോട് ചെയ്യുന്ന പ്രവൃത്തികളാണ് മുലഞെട്ടുടച്ച് പൊട്ടിക്കലും, കാലിന്റെ പെരുവിരലില്‍ ഷൂസിട്ട് ഞെരിക്കലും തല ചുവരില്‍ ചേര്‍ത്ത് ഇടിക്കലുമെല്ലാം. ഇത് കൈയബദ്ധമായി കാണാനാവില്ലെന്ന് അവര്‍ പറയുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐ അടക്കമുള്ളവര്‍ക്കെതിരെയാണ് സേനാംഗങ്ങളുടെ ആരോപണം.

ഇവരുടെ പ്രവൃത്തി തങ്ങളെ കൂടി പ്രതിക്കൂട്ടിലാക്കുന്നതാണെന്നും പൊതുസമൂഹത്തിനും വീട്ടുകാര്‍ക്കും മുന്നില്‍ തങ്ങളും ക്രൂശിക്കപ്പെടുന്നുവെന്നാണ് ഇവരുടെ ആക്ഷേപം. അതുകൊണ്ട് വകുപ്പ്തല നടപടി ഇവര്‍ക്കെതിരെ വേണമെന്ന ആവശ്യത്തില്‍ ഇവര്‍ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കും. ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടുവെങ്കിലും പൊലീസുകാര്‍ക്കെതിരെ ഇതുവരെ കേസെടുത്തിട്ടില്ല.