ദയാബായി ഇനി സിനിമയിലും; ‘കാന്തന്‍-ദ ലവര്‍ ഓഫ് കളര്‍’ ഓണത്തിന്
കണ്ണൂര്‍: പ്രമുഖ സാമൂഹ്യ പ്രവര്‍ത്തക ദയാബായി വെള്ളിത്തിരയിലേക്ക്. ആദിവാസി ജീവിതത്തിന്റെ നേര്‍കാഴചയാണ് ചിത്രം. ചിത്രത്തില്‍ ദയാബായി മുഖ്യ കഥാപാത്രമാകുന്നത്. ചിത്രം ഓണത്തിന് തിയറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.
നിറത്തിന്റെയും കുലത്തിന്റെയും പേരില്‍ അധഃകൃതരെന്ന് മുദ്രകുത്തി കൂടെ യാത്ര ചെയ്യാന്‍, കൂടെ സംസാരിക്കാന്‍ അവകാശം നിഷേധിക്കപ്പെടുന്നവരുടെ കഥയാണ് ഈ സിനിമ പറയുന്നത്. അതുകൊണ്ട് തന്നെ സിനിമയിലെ പങ്കാളിത്തവും സാമൂഹിക പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് ദയാബായി കണക്കാക്കുന്നത്. ദയാബായിയുടെ വെള്ളിത്തിരയില്‍ ആദ്യ അനുഭവമാണ് ഈ സിനിമ.
വയനാട്ടിലെ നെങ്ങറ കോളനിയിലെ അടിയാന്‍ വിഭാഗത്തില്‍പ്പെട്ട ആദിവാസി ഊരുകളിലെ ജീവിതത്തിന്റെ പശ്ചാത്തലത്തിലാണ് കഥ വികസിക്കുന്നത്. കര്‍ഷക ജീവിതത്തിലെ പ്രതിസന്ധി, പ്രകൃതി ചൂഷണം, വരള്‍ച്ച, ദാരിദ്ര്യം, കപട പരിസ്ഥിതി വാദം എന്നിങ്ങനെയുള്ള വിഷയങ്ങളെല്ലാം 90 മിനിറ്റ് ദൈര്‍ഘ്യമുള്ള സിനിമയില്‍ കടന്നുവരുന്നു. ‘ഇത്തിയാമ്മ’ എന്ന മുത്തശ്ശിയായാണ് ദയാബായിയുടെ വേഷം. കടബാധ്യതയെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത കര്‍ഷക കുടുംബത്തിലെ അവശേഷിക്കുന്ന കാന്തന്‍ എന്ന 12 വയസ്സുകാരന്റെ സംരക്ഷണ ചുമതല ഏറ്റെടുക്കുന്ന എഴുപതുകാരിയാണ് ഇത്തിയാമ്മ.
നിരവധി ഹ്രസ്വസിനിമകള്‍ ഒരുക്കിയ കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി ഷെരീഫ് ഈസയാണ് ചിത്രത്തിന്റെ സംവിധായകന്‍. കീഴാളരുടെ നിലനില്‍പിന്റെ പോരാട്ടം പറയുന്ന സിനിമയുടെ ശക്തി ദയാബായിയുടെ സാന്നിധ്യമാണെന്ന് ഷെരീഫ് ഈസ പറഞ്ഞു. ‘ആദിമധ്യാന്തം’ എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് 2012-ലെ ജൂറി പുരസ്‌കാര ജേതാവായ മാസ്റ്റര്‍ പ്രജിത്തും പ്രധാന വേഷത്തിലെത്തുന്നുണ്ട്. വയനാട്ടിലെ തിരുനെല്ലിയാണ് പ്രധാന ലൊക്കേഷന്‍. അവിടെ ജീവിക്കുന്ന മനുഷ്യര്‍ തന്നെയാണ് ഇതിലെ മിക്ക കഥാപാത്രങ്ങളെയും അവതരിപ്പിക്കുന്നത്. ആദിവാസി ഭാഷയാണ് സിനിമയിലെ സംഭാഷണം. കഥ, തിരക്കഥ, സംഭാഷണം പ്രമോദ് കൂവേരിയുടേതാണ്.