കടം വാങ്ങി തിരിച്ചടയ്ക്കാന്‍ രക്ഷയില്ല ഒടുവില്‍ പ്ലാസ്റ്റിക്ക് സര്‍ജറി ചെയ്ത് രൂപമങ്ങു മാറ്റി

കടം വാങ്ങിയ പണം തിരിച്ചു കൊടുക്കാന്‍ ഇല്ല. എത്ര നാളെന്നു കരുതി മുങ്ങി നടക്കും. അങ്ങനെ പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നു പോകുക എന്നത് വല്ലാത്ത അവസ്ഥതന്നെ. എന്നാല്‍ കടം വാങ്ങിയത് തിരിച്ചുകൊടുക്കാന്‍ സാധിക്കാതെ വരുമ്പോള്‍ പ്ലാസ്റ്റിക് സര്‍ജറിയിലൂടെ പുതിയൊരാളായി മാറിയാലോ? അത് കൊള്ളാം അല്ലേ ? ചൈനയിലെ വുഹാന്‍ നഗരത്തില്‍ എന്നാലത് സംഭവിച്ചു.

59 കാരിയായ സൂ നാജുവാനാണ് പണം തിരിച്ചുകൊടുക്കാന്‍ മാര്‍ഗമില്ലാത്തതുകൊണ്ട് പ്ലാസ്റ്റിക് സര്‍ജറിയുടെ സഹായത്തില്‍ പുതിയ വ്യക്തിയായി മാറിയതെന്ന് ചൈനീസ് വാര്‍ത്താ ഏജന്‍സി സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു.

25 ദശലക്ഷം യുവാന്‍ അഥവാ 23 കോടിയോളം രൂപയാണ് സൂവിന് തിരിച്ചടയ്‌ക്കേണ്ടിയിരുന്നത്. പണം തിരിച്ചടയ്ക്കാന്‍ കോടതി ഉത്തരവിട്ടതോടെയായിരുന്നു സൂ പ്ലാസ്റ്റിക് സര്‍ജറിയില്‍ അഭയം തേടിയത്. രൂപം മാറിയതോടെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉപയോഗിച്ചായിരുന്നു സൂവിന്റെ യാത്രകള്‍ എല്ലാം.

ഞങ്ങളുടെ പക്കലുള്ള ഫോട്ടോകളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായിരുന്നു അവരുടെ രൂപം. മുപ്പതുകാരിയെ പോലെയാണ് തോന്നിയത് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ബാങ്കുകളില്‍ നിന്ന് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണം വാങ്ങിയാണത്രെ സൂ പ്ലാസ്റ്റിക് സര്‍ജറി നടത്തിയത്. പ്ലാസ്റ്റിക് സര്‍ജറി വിജയകരമായെങ്കിലും പക്ഷെ രക്ഷപ്പെട്ട് ജീവിക്കാമെന്ന മോഹം മാത്രം ബാക്കിയായി. കാരണം സൂ പോലീസ് പിടിയിലായി.