ജര്‍മന്‍ നിശാക്ലബില്‍ വെടിവെപ്പ്; രണ്ടുമരണം: നിരവധി പേര്‍ക്ക് പരിക്ക്
ബര്‍ലിന്‍: ജര്‍മനിയിലെ നിശാക്ലബിലുണ്ടായ വെടിവയ്പില്‍ അക്രമിയുള്‍പ്പെടെ രണ്ടു പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. മൂന്നു പേര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും, മറ്റു ചിലര്‍ക്ക് സാരമല്ലാത്തതുമായ പരിക്കുണ്ട്. തെക്കന്‍ ജര്‍മനിയിലെ കോണ്‍സ്റ്റാന്‍സില്‍ ഞായറാഴ്ച പുലര്‍ച്ചെ ജര്‍മന്‍ സമയം 4.30 ന് ആയിരുന്നു സംഭവം. വെടിശബ്ദം കേട്ടയുടന്‍ ആളുകള്‍ ഓടി രക്ഷപ്പെട്ടതോടെ വന്‍ ദുരന്തം ഒഴിവായതായാണ് പോലീസ് നല്‍കുന്ന വിവരം.
ക്ലബിലെത്തിയവര്‍ക്കുനേരെയാണ് 34 വയസ്സുള്ള ഇറാഖിപൗരന്‍ വെടിയുതിര്‍ത്തത്. നൂറോളം പേര്‍ ക്ലബിലുണ്ടായിരുന്ന സമയത്താണ് അക്രമം നടന്നത്. എന്നാല്‍, ആക്രമണത്തിന് തീവ്രവാദബന്ധമില്ലെന്ന് പൊലീസ് പറഞ്ഞു. വര്‍ഷങ്ങളായി ജര്‍മനിയില്‍ താമസിക്കുന്ന അക്രമി അഭയാര്‍ഥിയല്ലെന്നും അധികൃതര്‍ വ്യക്തമാക്കി. വെടിവെപ്പിന്റെ കാരണം അജ്ഞാതമാണ്. സംഭവത്തിനുപിന്നില്‍ മറ്റാരെങ്കിലുമുണ്ടോയെന്നും പൊലീസ് സംശയിക്കുന്നു.