ഇന്ത്യയിലെ വാഹനങ്ങളോ ?.. 120 kmh സ്പീഡോ ?.. നടക്കില്ല…. എന്നാല്‍ നടപ്പിലാക്കാന്‍ പോകുകയാണ് കേന്ദ്രസര്‍ക്കാര്‍
ഗള്‍ഫ് രാഷ്ട്രങ്ങളില്‍ മാത്രമേ നല്ല വേഗതയില്‍ വാഹനം ഓടിക്കാന്‍ പറ്റുകയുള്ളു, ഇവിടെ 60 കിലോമീറ്റില്‍ അധികം സ്പീഡ് എടുക്കാന്‍ പറ്റില്ല എന്നൊക്കെ പറയുന്നത് ഉടനെ നില്ത്താം. രാജ്യത്തെ ദേശീയപാതകളിലെ വേഗപരിധി മണിക്കൂറില്‍ 80 കിലോമീറ്ററില്‍നിന്ന് 120 കിലോമീറ്ററായി ഉയര്‍ത്താന്‍ പോകുന്നു. മൂന്ന് വര്‍ഷത്തിനകം വേഗപരിധി വര്‍ധിപ്പിക്കാനാണ് നീക്കം നടക്കുന്നത്.
എന്നാല്‍ ഇതുമൂലം മനുഷ്യജീവന് അപകടത്തിലാകില്ലെന്ന് ഉറപ്പാക്കാന്‍ ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുമെന്നും ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കി. ബസ് ഓപ്പറേറ്റര്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യ മുംബൈയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കവെയാണ് കേന്ദ്രമന്ത്രി ഇക്കാര്യം പറഞ്ഞത്.
ഇലക്ട്രിക് വാഹനങ്ങള്‍ വ്യാപകമാക്കാനുള്ള നടപടികള്‍ക്കും സര്‍ക്കാര്‍ തുടക്കമിടാന്‍ ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി മുംബൈയ്ക്കും ഡല്‍ഹിക്കുമിടയ്ക്കുള്ള ദേശീയപാതയില്‍ വാഹനങ്ങള്‍ക്കുവേണ്ടി ഇലക്ട്രിക് ലൈന്‍ സ്ഥാപിക്കാനാണ് നീക്കം. മുംബൈയ്ക്കും പുണെയ്ക്കുമിടെ ഇലക്ട്രിക് ഡബിള്‍ ഡക്കര്‍ ബസ് സര്‍വീസ് തുടങ്ങാനും നീക്കമുണ്ട്.
രാജ്യത്തെ ബസുകളുടെ എണ്ണം വര്‍ധിപ്പിച്ച് സ്വകാര്യ വാഹനം ഉപയോഗം കുറയ്ക്കാനും സര്‍ക്കാരിന് ആലോചനയുണ്ട്. രാജ്യത്തെ ബസുകളുടെയെണ്ണം 16 ലക്ഷത്തില്‍നിന്ന് 40 ലക്ഷമായി ഉയര്‍ത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.
ഡ്രൈവര്‍ വേണ്ടാത്ത (സെല്‍ഫ് ഡ്രൈവിങ്) വാഹനങ്ങള്‍ക്ക് രാജ്യത്ത് അനുമതി നല്‍കില്ലെന്ന് നിതിന്‍ ഗഡ്കരി നേരത്തെ പ്രഖ്യാപിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് തദ്ദേശീയമായി നിര്‍മ്മിക്കുന്ന ഇലക്ട്രിക് വാഹനങ്ങള്‍ക്ക് മാത്രമെ പ്രോത്സാഹനം നല്‍കൂവെന്ന കേന്ദ്രമന്ത്രിയുടെ പ്രഖ്യാപനം.
വിദേശ നിര്‍മ്മാതാക്കളുടെ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് യാതൊരു നികുതിയിളവും പ്രതീക്ഷിക്കേണ്ടതില്ല എന്നാണ് സര്‍ക്കാര്‍ നിലപാട്. എന്നാല്‍ വിദേശ നിര്‍മ്മാതാക്കള്‍ക്ക് ഇന്ത്യയിലെത്തി ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മ്മിക്കാം. തൊഴിലില്ലായ്മ പരിഹരിക്കുകയും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയുമാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.