നടി ആക്രമിക്കപ്പെട്ട സംഭവം: അപ്പുണ്ണി ആലുവ പോലീസ് ക്ലബില്‍ ഹാജരായി

കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച ഗൂഢാലോചനക്കേസില്‍ നടന്‍ ദിലീപിന്റെ സഹായിയും ഡ്രൈവറുമായ എ.എസ്. സുനില്‍രാജ് (അപ്പുണ്ണി) ചോദ്യം ചെയ്യലിനായി ആലുവ പോലീസ് ക്ലബ്ബില്‍ ഹാജരായി.

അപ്പുണ്ണിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്ന്, ഇന്നു ഹാജരാകാന്‍ ആവശ്യപ്പെട്ട് അന്വേഷണ സംഘം നോട്ടിസ് നല്‍കിയിരുന്നു. മുന്‍പും ചോദ്യം ചെയ്യലിനു പോലീസ് നോട്ടിസ് നല്‍കിയെങ്കിലും ഒളിവിലായിരുന്ന അപ്പുണ്ണി പ്രതികരിച്ചിരുന്നില്ല.

എത്രയും വേഗം ചോദ്യം ചെയ്യലിനു വിധേയനാകണമെന്നു നിര്‍ദേശിച്ചാണ് അപ്പുണ്ണിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്. സംശയകരമായ ചില സാഹചര്യങ്ങളെക്കുറിച്ച് അപ്പുണ്ണിയില്‍നിന്നു വ്യക്തത തേടേണ്ടതുണ്ടെന്നാണു പോലീസ് പ്രോസിക്യൂഷന്‍ മുഖേന കോടതിയെ അറിയിച്ചത്.

അപ്പുണ്ണിയെ ഗൂഢാലോചനാക്കേസില്‍ നിലവില്‍ പ്രതി ചേര്‍ത്തിട്ടില്ലെങ്കിലും ചോദ്യം ചെയ്യലിനുശേഷം നിയമാനുസൃത നടപടിയുണ്ടായേക്കാം. മുഖ്യ പ്രതി പള്‍സര്‍ സുനി ജയിലില്‍നിന്ന് അപ്പുണ്ണിയുടെ ഫോണിലേക്കു വിളിച്ചുവെന്നതിനു പോലീസിന്റെ പക്കല്‍ തെളിവുകളുണ്ട്. ഈ സമയത്തെല്ലാം ദിലീപും അപ്പുണ്ണിയും ഒരേ ടവറിനു കീഴിലായിരുന്നുവെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.